പുറത്താക്കിയ മുൻ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. 2023 ഏകദിന ലോകകപ്പിലെ ദയനീയ തോൽവിക്ക് ശേഷം പുറത്താക്കിയ ബാബർ അസമിനെയാണ് പിസിബി വീണ്ടും ക്യാപ്റ്റനാക്കാൻ പരിഗണിക്കുന്നത്. എന്നാൽ പലർക്കും ഈ തീരുമാനത്തോട് താത്പ്പര്യമില്ലെന്നാണ് സൂചന. പുതിയ ക്യാപ്റ്റന്മാർക്ക് കുറച്ചുക്കൂടി സമയം നൽകണമെന്നാണ് അവരുടെ വാദം.
ബാബറിന്റെ പിൻഗാമികളായ ഷാൻ മസൂദിന്റെയും ഷഹീൻ ഷാ അഫ്രീദിയുടെയും പ്രകടനത്തിൽ പുതിയ മാനേജ്മെന്റ് തൃപ്തരല്ല. ഇതാണ് ബാബറിലേക്ക് മടങ്ങാൻ പാകിസ്താനെ പ്രേരിപ്പിക്കുന്നത്. ഷാൻ മസൂദ് നയിച്ച ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ ഓസ്ട്രേലിയയോട് തോറ്റമ്പിയിരുന്നു. ഷഹീൻ അഫ്രിദി നയിച്ച ടി20 ടീം ന്യുസിലൻഡിനോട് 4-1ന് പരമ്പര അടിയറവ് വച്ചിരുന്നു. ക്യപ്റ്റനായുള്ള അഫ്രീദിയുടെ അരങ്ങേറ്റ പരമ്പരയായിരുന്നു ഇത്.
പിസിബി മാനേജ്മെന്റ് താരവുമായി സംസാരിക്കുന്നുണ്ടെങ്കിലും ബാബർ അനുകൂല തീരുമാനം പറഞ്ഞിട്ടില്ല. പുതിയ ചെയർമാനുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. മുൻ നായകനുമായി പതിവായി ഉടക്കിട്ടിരുന്ന ചെയർമാൻ സാക്ക അഷ്റഫിനെ മാറ്റി പുതിയ ചെയർമാൻ നിയമിതനായതിന് പിന്നാലെയാണ് പരിഷ്കരണം.നേരത്തെ ടെസ്റ്റിൽ ക്യാപ്റ്റനായി തുടരാൻ ബാബറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താരം ഇതിന് വലയിയ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നാലെ ഷാൻ മസൂദിനെ ക്യാപ്റ്റനാക്കിയിരുന്നു.















