ന്യൂഡൽഹി : ഇഡിയും സിബിഐയും ബിജെപിയുടെ നിയന്ത്രണത്തിലാണെന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികളാണെന്നും, ബിജെപി അവരെ കൈവശം വയ്‌ക്കുക എന്നത് നടക്കാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ട് ഒരാൾക്ക് പോലും പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ സാധിക്കില്ലെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
” താൻ ഒരിക്കലും രാഷ്‌ട്രീയത്തിൽ ഇറങ്ങില്ലെന്നും, കോൺഗ്രസുമായി കൈകോർക്കില്ലെന്നും 2013ൽ മകളെതൊട്ട് സത്യം ചെയ്ത ആളാണ് കെജ്‌രിവാൾ. കോൺഗ്രസിനും ആംആദ്മി പാർട്ടിക്കും സ്വന്തമായി ഒരു നേട്ടവും പറയാനില്ല. അതുകൊണ്ട് ഒരു ദിവസം തുടങ്ങുന്നത് മുതൽ അവർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കൊണ്ടിരിക്കുകയാണ്. ദിവസം തീരുന്നത് വരെ ഇത് തുടരുന്നു. എന്നാൽ ജനങ്ങൾ ഇത് മനസിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവർ വലിയ ഭൂരിപക്ഷത്തോടെ തന്നെ ഞങ്ങളെ വീണ്ടും തിരഞ്ഞെടുക്കും.
ഇഡി ഒൻപത് തവണയാണ് കെജ്‌രിവാളിന് സമൻസ് അയച്ചത്. എന്തുകൊണ്ടാണ് അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകാതിരുന്നത്. കെജ്‌രിവാൾ ധാർമികതയെ കുറിച്ചെല്ലാം നേരത്തെ പറയുമായിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ വരാത്തതിന്റെ പേരിലാണ് ഇഡി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. 2014ലും 2019ലും ആംആദ്മിക്ക് ഒരു സീറ്റ് പോലും ഡൽഹിയിൽ ലഭിച്ചില്ല. ഇത്തവണയും അത് അങ്ങനെ തന്നെ ആയിരിക്കും.
ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികളാണ്. അവർ അവരുടേതായ രീതിയിലാണ് നടപടികൾ സ്വീകരിക്കുന്നത്. ഇതിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ല. സ്വന്തം തെറ്റ് മറയ്‌ക്കാനാണ് ഇത്തരത്തിലുള്ള പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അഴിമതിക്കെതിരെ നടപടി എടുക്കാൻ സമയവും സന്ദർഭവും വേണമെന്ന് കരുതുന്നില്ല. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ തങ്ങളും ഇതിന്റെ ഭാഗമാണല്ലോ എന്ന ഭയമാണ് ചിലർക്ക്. അഹങ്കാരവും ധാർഷ്ട്യം നിറഞ്ഞതുമായ ആളുകളാണ് ഇൻഡി സഖ്യത്തിലുള്ളതെന്നും” അനുരാഗ് ഠാക്കൂർ വിമർശിച്ചു.















