ലോക്സഭ തെരഞ്ഞെടുപ്പ് ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ നടത്താൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം നൽകിയെന്ന് വ്യാജ പ്രചരണം. ഛത്തിസ്ഗഡിലെ ഒരു സായാഹ്ന പത്രത്തിലാണ് വ്യാജ വാർത്ത അച്ചടിച്ച് വന്നത്. ഇലക്ഷൻ കമ്മിഷൻ വാർത്തയുടെ ചിത്രം പങ്കുവച്ച് വാർത്ത വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇത്തരം ഒരു നിർദ്ദേശങ്ങളും ഇലക്ഷൻ കമ്മിഷൻ നൽകിയിട്ടില്ലെന്നും ഇത് വ്യാജ പ്രചരണമാണെന്നും കമ്മിഷൻ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് ന്യൂസ് പേപ്പർ സംഘടനയും രംഗത്തുവന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരം നിരവധി വ്യാജ വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. പിഐബി ഫാക്ട് ചെക്ക് ടീം മറ്റൊരു വ്യാജപ്രചരണവും പൊളിച്ചടുക്കി. ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തില്ലെങ്കിൽ 350 രൂപവച്ച് ഓരോരുത്തരുടെയും ബാക്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുമെന്നുമായിരുന്നു പ്രചരണം.
ഇത് വ്യാജ പ്രചരണമെന്ന് ചൂണ്ടിക്കാട്ടി പിഐബി അലർട്ട് സന്ദേശം പങ്കുവച്ചിരുന്നു. ഇത്തരം വാർത്തകൾ ആരും ഷെയർ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19ന് ആരംഭിക്കും.