മുംബൈ: സെൻട്രൽ വെസ്റ്റേൺ മേഖലയിലെ യാത്രാ ദുരിതത്തിന് പരിഹാരം തേടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വൽസാഡിൽ നിന്ന് കൊച്ചുവേളിയിലേക്ക് ട്രെയിൻ അനുവദിക്കുക, മുംബൈയിൽ നിന്ന് LTT യിലേക്ക് ട്രെയിൻ അനുവദിക്കുക, സമ്മർ വെക്കേഷൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കുക, ദുരന്തോ എക്സ്പ്രസ്സ് കൊച്ചുവേളി വരെ നീട്ടുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് വൽസാഡ് മുതൽ ബാന്ദ്ര വരെയുള്ള മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്‌ട്ര വെസ്റ്റേൺ മുംബൈ മലയാളി റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷനും ഫെഡറേഷൻ ഓഫ് ഗുജാറാത്ത് മലയാളി അസോസ്സിയേഷനും ഫെയ്മ മഹാരാഷ്‌ട്രയും സംയുക്തമായി യോജിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റേൺ റെയിൽവെ ജനറൽ മാനേജർ, ഡെപ്യൂട്ടി സി സി എം പ്രകാശ് പി ചന്ദ്രപാൽ, സെൻട്രൽ റെയിൽവെ ഡെപ്യൂട്ടി സിപിഒ എം മനോജ്കുമാർ ഗോയൽ, സിടിപിഎം മുതലായ ഉദ്യോഗസ്ഥർക്ക് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി.
സംഘടന നേതാക്കളായ അശോകൻ പി പി ( ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്‌ട്ര , ശിവപ്രസാദ് കെ നായർ ( സെക്രട്ടറി ഫെയ്മ മഹാരാഷ്‌ട്ര മുംബൈ സോണൽ ), ബോബി സുലക്ഷണ ( സെക്രട്ടറി ഫെയ്മ മഹാരാഷ്‌ട്ര വനിതാവേദി മുംബൈ സോണൽ ), മായാദേവി , സുബിത നമ്പ്യാർ ഫെയ്മ മഹാരാഷ്‌ട്ര വനിതാവേദി മുംബൈ കമ്മറ്റി അംഗങ്ങൾ ,കുഞ്ഞികൃഷ്ണൻ ( വൈസ് പ്രസിഡണ്ട് മീരാറോഡ് മലയാളിസമാജം ) കേശവമേനോൻ ( ഡോംബിവലി കേരള സമാജം പ്രതിനിധി )എന്നിവരുമായി നടത്തിയ ചർച്ചയിൽ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നും
സ്പെഷൽ ട്രെയിൻ വിഷയത്തിൽ ഉടൻ തന്നെ ഉചിതമായി നടപടി എടുക്കുമെന്നും സെൻട്രൽ റെയിൽവേയും വെസ്റ്റേൺ റെയിൽവേയും അറിയിച്ചു.
മുംബൈയിലെ വെസ്റ്റേൺ മേഖലകളായ ദഹാനു റോഡ്, ബോയ്സർ, പാൽഘർ, വിരാർ മുതൽ ബാന്ദ്ര വരെയുള്ള നിരവധി മലയാളികൾ, കൊങ്കൺ വാസികൾ ,കർണ്ണാടക സ്വദേശികൾ താമസിക്കുന്നുണ്ടെങ്കിലും ഇവർക്കെല്ലാം കേരളത്തിൽ പോകാൻ ഇന്നും ട്രെയിൻ സൗകര്യം അപര്യാപ്തമാണ്. വസായി വഴി ഗുജറാത്തിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ടെങ്കിലും അപര്യാപ്തമായ റിസർവേഷൻ ക്വാട്ട കാരണം ഭൂരിപക്ഷം പേരും നാട്ടിലേക്ക് പോകാൻ ആശ്രയിക്കുന്നത് കുർളാ ടെർമിനസ്, പനവേൽ മുതലായ റെയിൽവേ സ്റ്റേഷനുകളാണ്. നേരിട്ട് ലോക്കൽ ട്രെയിൻ സൗകര്യമില്ലാത്തതുമൂലം മുതിർന്നവരും സ്ത്രീകളും കുട്ടികളും വളരെ കഷ്ടപ്പെട്ടാണ് കുർള, പൻവേൽ സ്റ്റേഷനുകളിലെത്തി കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുന്നതെന്നും മുംബൈ മലയാളികൾ ചൂണ്ടിക്കാട്ടി.