ന്യൂഡൽഹി: മദ്യനയക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിളിനെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്‌വേർഡ് നൽകാൻ കെജ്രിവാൾ തയ്യാറാകുന്നില്ലെന്നും അതുകൊണ്ടാണ് ആപ്പിളിനെ സമീപിച്ചതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫോൺ പരിശോധിക്കുന്നത് ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അറിയുന്നതിന് വേണ്ടിയും ഇൻഡി മുന്നണിയെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടിയാണെന്നുമാണ് എഎപിയുടെ ആരോപണം.
മുഖ്യമന്ത്രിയുടെ പേഴ്സണൽ കമ്പ്യൂട്ടറുകളിൽ നിന്നോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നോ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ കെജ്‌രിവാളിന്റേത് ഉൾപ്പെടെ നാല് മൊബൈൽ ഫോണുകൾ ഇഡി പിടിച്ചെടുത്തു. നിലവിൽ ഉപയോഗിക്കുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്‌തെന്നും പാസ്‌വേർഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം ഒരു വർഷമായി താൻ ഈ ഫോണാണ് ഉപയോഗിക്കുന്നതെന്നും 2020-2021 ലെ മദ്യനയത്തിന്റെ കരട് തയ്യാറാക്കുമ്പോൾ ഉപയോഗിച്ച ഫോൺ തന്റെ കൈവശമില്ലെന്നും കെജ്രിവാൾ ഇഡിയെ അറിയിച്ചിരുന്നു.















