കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിനെ സന്ദർശിച്ച് ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേക്കർ. ബിജെപി പ്രവർത്തകരോടൊപ്പമാണ് പ്രകാശ് ജാവദേക്കർ ബിഷപ്പിനെ സന്ദർശിക്കാനെത്തിയത്. ഈസ്റ്റർ ആശംസ നേരാനാണ് ബിഷപ്പിനെ കാണാനെത്തിയതെന്ന് സന്ദർശനത്തിന് ശേഷം പ്രകാശ് ജാവദേക്കർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശും ബിജെപി ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
സന്ദർശനത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന പോലും കരുതാതെയാണ് എത്തിയതെന്നുമായിരുന്നു ജാവദേക്കറിന്റെ പ്രതികരണം. എല്ലാ ക്രിസ്തീയ ഭവനങ്ങളിലും ആശംസകളുമായി ബിജെപി എത്തും. അതിൽ വേർതിരിവില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതല്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കേരളത്തിൽ എല്ലായിടത്തും പോകുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈസ്റ്റർ ആശംസകളുമായി പ്രകാശ് ജാവദേക്കർ എത്തിയതിൽ സന്തോഷമുണ്ടെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു. നമ്മുടെ ജനങ്ങൾ പല പാർട്ടിയിലുള്ളവരാണ്. വോട്ട് കൊടുക്കണമെന്ന് ഒരു ബിഷപ്പിന് എങ്ങനെ പറയാനാകും. വിശ്വാസികൾ അവർക്ക് ഇഷ്ടമുള്ളവർക്കാണ് വോട്ട് ചെയ്യുകയെന്നുമായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ബിഷപ്പിന്റെ മറുപടി.