ലക്‌നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ളതാണെന്നും അസംഭവ്യമെന്ന് കരുതിയ നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാമതും അധികാരത്തിലേറുന്നതോടെ ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി. മീററ്റിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” രാജ്യം വികസനത്തിലൂടെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒന്നിച്ച് പോരാടിയാൽ അസാധ്യമായതൊന്നുമില്ല എന്നാണ് എനിക്ക് നിങ്ങളെ ഓർമ്മപ്പെടുത്താനുള്ളത്. സമ്പദ്‌വ്യവസ്ഥയിൽ രാജ്യം 11-ാം സ്ഥാനത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്ത് ദാരിദ്ര്യം കുതിച്ചുയരുകയായിരുന്നു. അവിടെ നിന്ന് നമ്മുടെ രാജ്യത്തെ 5-ാം സ്ഥാനത്തെത്തിച്ചപ്പോൾ 25 കോടി ജനങ്ങൾ ദാരിദ്ര്യമുക്തരായി. സമ്പദ്‌വ്യവസ്ഥയിൽ 3-ാം സ്ഥാനത്തെത്തുമ്പോൾ ഭാരതത്തിൽ നിന്ന് ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കും. ശാക്തീകരിക്കപ്പെട്ട ജനത ഇന്ത്യയുടെ വളർച്ചയ്‌ക്ക് ഊർജജം പകരുന്ന കാഴ്ചയാണ് ഇനി നാം കാണാൻ പോകുന്നത്. ഇത് ഞാൻ നിങ്ങൾക്ക് തരുന്ന ഗ്യാരന്റിയാണ്.’- പ്രധാനമന്ത്രി പറഞ്ഞു. ‘
2014ലെ തെരഞ്ഞടുപ്പ് പ്രചാരണവും 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണവും മീററ്റിൽ നിന്നാണ് ആരംഭിച്ചത്. ഓരോ വർഷവും ലോക്‌സഭയിൽ താമര വിരയിപ്പിച്ചത് രാജ്യത്തെ ജനങ്ങളാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകളിൽ താമര വിരിയിപ്പിച്ച് രാജ്യത്തെ ജനങ്ങൾ കരുത്ത് തെളിയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ വികസിത ഭാരതമാക്കാനുള്ളതാണെന്നും സമ്പദ്‌വ്യവസ്ഥയിൽ 3-ാം സ്ഥാനത്ത് ഇന്ത്യ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം യുപിയിൽ നടന്ന എൻഡിഎയുടെ ആദ്യ റാലിയായിരുന്നു മീററ്റിലേത്.















