മുംബൈയെ പഞ്ഞിക്കിട്ട് അഹമ്മാദാബാദിലിറങ്ങിയ സൺറൈസേഴ്സിന് ഗുജറാത്തിന് മുന്നിൽ അടിപതറി. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗില്ലും സംഘവും മറികടന്നു. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ സായി സുദർശനും (45) തകർത്തടിച്ച ഡേവിഡ് മില്ലറുമാണ് (38) ഗുജറാത്തിന്റെ വിജയം അനായസമാക്കിയത്. വൃദ്ധിമാൻ സാഹയും ക്യാപ്റ്റൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. 13 പന്തിൽ 25 റൺസ് നേടിയ സാഹ അപകടകാരിയായി മുന്നോട്ട് നീങ്ങിയെങ്കിലും ഷഹബാസ് അഹമ്മദിന് മുന്നിൽ വീണു.
എന്നാൽ റൺറേറ്റ് താഴാതെ നോക്കിയ ശുഭ്മാനും സായിയും ചേർന്ന് 38 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഒമ്പതാം ഓവറിൽ 36 റൺസുമായി ഗിൽ കൂടാരം കയറിയെങ്കിലും ഡേവിഡ് മില്ലറും സായി സുദർശനും പോരാട്ടം നയിച്ചു. ഇരുവരും ആക്രമിച്ച് കളിച്ചതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. യുവതാരങ്ങൾ ചേർന്ന് 64 റൺസിന്റെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്.
45 റൺസുമായി നിന്ന സുദർശനെ കമ്മിൻ പുറത്താക്കിയെങ്കിലും പിന്നാലെയെത്തി വിജയ് ശങ്കർ ഡേവിഡ് മില്ലർക്ക് പൂർണ പിന്തുണ നൽകി. കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. മായങ്ക് മാർകണ്ഡേ, പാറ്റ് കമ്മിൻസ്, ഷഹബാസ് അഹമ്മദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ മോഹിത് ശർമ്മയും സ്പിന്നർമാരും ചേർന്നാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്.