ചെന്നൈ: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ പെർഫോമിങ് ആർട്സ് ഡിപ്പാർട്ട്മെന്റ് ഫെസ്റ്റിൽ ഹിന്ദു ദേവതകളെയും ഇതിഹാസ കാവ്യമായ രാമായണത്തെയും അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രതിഷേധം. മാർച്ച് 29ന് പെർഫോമിങ് ആർട്സ് ഡിപ്പാർട്ട്മെന്റ് ഫെസ്റ്റിൽ അരങ്ങേറിയ “സോമയാനം” എന്ന നാടകത്തിലാണ് ഹിന്ദു ദേവതകളായ ശ്രീരാമൻ, ഹനുമാൻ, സീതാദേവി എന്നിവരെ ഹീനമായ രീതിയിൽ അനാദരിച്ചത്.
നാടകത്തിൽ സീതാദേവിയെ ‘ഗീത’ എന്ന കഥാപാത്രമായും രാവണനെ ‘ഭാവന’ എന്ന പേരിലുമാണ് അവതരിപ്പിച്ചത്. ശ്രീരാമ പത്നിയായ ജാനകി ദേവി രാവണന് ബീഫ് വിളമ്പുന്ന രംഗം ഉൾക്കൊള്ളിച്ച് വിശ്വാസ സമൂഹത്തെ മനപ്പൂർവ്വം പ്രകോപിപ്പിക്കുവാനുള്ള ശ്രമം നടത്തിയെന്നും എബിവിപി ആരോപിച്ചു.
മതവികാരം വ്രണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും അദ്ധ്യാപകരും ചേർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് നാടകമെന്നും എബിവിപി അഭിപ്രായപ്പെട്ടു. നാടകത്തിന്റെ സംവിധായകനെയും അണിയറയിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെയും പുറത്താക്കണമെന്നും ഇതിന് ഒത്താശ നൽകിയ ഡിപ്പാർട്ട്മെന്റ് മേധാവിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.