പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്‌ക്ക് കൊലപ്പെടുത്തേണ്ടി വന്ന യുവതിക്ക് ജാമ്യം. മൂന്നുവർഷം ജയിലിൽ തുടർന്നതിന് ശേഷമാണ് മുംബൈ കോടതിക്ക് യുവതിക്ക് ജാമ്യം അനുവദിച്ചത്. 2021 ജൂൺ 20നായിരുന്നു സംഭവം. പുലർച്ചെ 2.30ന് മദ്യലഹരിയിലായിരുന്ന യുവാവ് 31-കാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
ഇതിനെ പ്രതിരോധിച്ച യുവതി കൈയിൽ കിട്ടിയ കല്ലുമായി യുവാവിനെ നേരിട്ടു. അടിയേറ്റ യുവാവ് ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ യുവതി അറസ്റ്റ് ചെയ്യുകയായിരുന്നു.മൂന്നുവർഷമായി ജയിലിൽ തുടരുന്ന യുവതിക്കായി അഭിഭാഷകൻ എസ്എസ് സാവൽക്കറാണ് കോടതിയിൽ ഹാജരായത്.
തനിച്ച് താമസിക്കുന്ന യുവതി സ്വയരക്ഷയ്‌ക്ക് വേണ്ടിയാണ് യുവാവിനെ ആക്രമിച്ചതെന്ന കാര്യം കോടതി നിരീക്ഷിച്ചു. യുവാവ് മദ്യലഹരിയിലാണെന്ന കാര്യവും ബോദ്ധ്യപ്പെട്ടതായി പറഞ്ഞ കോടതി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.















