രോഹിത് ശർമ്മയുടെ വിക്കറ്റ് വീണതിന് പിന്നാലെ ആഹ്ളാദ പ്രകടനം നടത്തിയതിന് വയോധികനെ തല്ലിക്കൊന്നു. മാർച്ച് 27-ന് മഹാരാഷ്‌ട്രയിലെ കോലാപൂരിലെ ഹൻമന്ത് വാഡിയിലാണ് ദാരുണ സംഭവം. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ ഔട്ടായതിന് പിന്നാലെ ആഘോഷം നടത്തിയതിനാണ് 63കാരനായ ബാൻഡുപന്റ് ടിബിലെയെ അടിച്ചു കൊലപ്പെടുത്തിയത്. വൃദ്ദൻ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കടുത്ത ആരാധകനായിരുന്നു. ഇതാണ് പ്രതികളെ ചാെടിപ്പിച്ചത്.
ബൽവന്ത് ഝഞ്ജ്‌ഗെയും ഇയാളുടെ ബന്ധു സാഗർ ഝാൻജ്‌ഗെയും ചേർന്നാണ് വയോധികനെ തല്ലിച്ചതച്ചത്. വടിയും മരത്തടിയും ഉപയോഗിച്ചായിരുന്നു മർദ്ദനം. മത്സരത്തിന് പിന്നാലെ ഇരു ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതികൾക്കെതിരെ വധ ശ്രമമാണ് ചുമത്തിയിരുന്നെങ്കിലും വയോധികൻ മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി.