നായകൻ സഞ്ജു സാംസന്റെ തീരുമാനം ഗ്രൗണ്ടിൽ ബൗളർമാർ ശരിയാണെന്ന് തെളിയിച്ചപ്പോൾ ആദ്യം ഹോം മത്സരത്തിൽ തരിപ്പണമായി മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറിൽ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനാണ് സാധിച്ചത്. മുൻ നായകൻ രോഹിത് ശർമ്മയെ ഗോൾഡൻ ഡക്കാക്കിയാണ് ബോൾട്ട് ആദ്യ ഓവറിൽ മുംബൈ ആരാധകരെ സ്തബ്ധരാക്കിയത്. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെ എൽബിയിൽ കുരുക്കി കൂടാരം കയറ്റിയതോടെ അക്ഷരാർത്ഥത്തിൽ ഗ്യാലറി ഞെട്ടി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ഡിവാൾഡ് ബ്രെവിസും ഗോൾഡൻ ഡക്കായതോടെ ആതിഥേയർക്ക് മറുപടിയുണ്ടായിരുന്നില്ല.
പവർ പ്ലേയിൽ നന്ദ്രെ ബർഗർ ഇഷാൻ കിഷനെയും(16) മടക്കിയതോടെ മുംബൈ കപ്പൽ ആടിയുലഞ്ഞു. ക്രീസിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹാർദിക്- തിലക് വർമ്മ സഖ്യമാണ് മുംബൈയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 36 പന്തിൽ 56 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഒമ്പതാം ഓവറിൽ 34 റൺസുമായി ഹാർദിക്കിനെ വീഴ്‌ത്തി ചഹൽ മുംബൈക്ക് അടുത്ത ഷോക്ക് നൽകി.
പിന്നാലെ വന്നവരും നിന്നവരും മടങ്ങാൻ തിടുക്കം കാട്ടിയതോടെ മുംബൈ ഇന്നിംഗ്സിന് അന്ത്യമായി. വാലറ്റക്കാരനായ ബുമ്രയും ആകാശും ചേർന്നാണ് ടീം സ്കോർ 120 കടത്തിയത്. തിലക് വർമ്മ (32) ടിം ഡേവിഡ്(17), ജെറാൾഡ് കോർട്സീ(4) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. മുംബൈയുടെ നട്ടെല്ലൊടിച്ച ട്രെന്റ് ബോൾട്ട് – യുസ്വേന്ദ്ര ചഹൽ സഖ്യം മൂന്നുവീതം വിക്കറ്റ് വീഴത്തി.
നന്ദ്രെ ബർഗർ രണ്ടും ആവേശ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.