മുംബൈ: ഐപിഎല്ലിലെ 250-ാം മത്സരത്തിൽ മുംബൈക്ക് നാണംകെട്ട തോൽവി. മുംബൈ ഉയർത്തിയ വിജയലക്ഷ്യം 27 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. മൂന്നാം മത്സരത്തിലും റിയാൻ പരാഗ് തകർത്തടിച്ചതോടെയാണ് രാജസ്ഥാൻ അനായാസ ജയം സ്വന്തമാക്കിയത്.
വിറച്ച് തുടങ്ങിയ രാജസ്ഥാൻ റിയാൻ റിയാഗ് ക്രീസിലെത്തിയതോടെയാണ് ട്രാക്കിലായത്. 39 പന്തിൽ 3 കൂറ്റൻ സിക്സറുകളടക്കം 54 റൺസ് നേടിയ അസം താരം തന്നെയാണ് വിജയ റൺ കുറിച്ചത്. രണ്ടാം അർദ്ധ സെഞ്ച്വറിയോടെ നിലവിൽ ഓറഞ്ച് ക്യാപ് ഉടമയുമായി പരാഗ്.
യശസ്വി ജയ്സ്വാൾ(10), ജോസ് ബട്ലർ(13), സഞ്ജു സാംസൺ(12), അശ്വിൻ(16) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ഇംപാക്ട് പ്ലെയറായി എത്തിയ ശുഭം ദുബെയെ കൂട്ടുപിടിച്ച് പരാഗ് രാജസ്ഥാനെ കരയ്‌ക്കടിപ്പിച്ചു. അകാശ് മധ്വാൾ മൂന്നു വിക്കറ്റുമായി ആദ്യ മത്സരം അവിസ്മരണീയമാക്കി. ക്വേന മഫാക ഐപിഎല്ലിൽ ആദ്യ വിക്കറ്റ് സ്വന്തമാക്കി.മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ആദ്യ ഇന്നിംഗ്സിൽ ട്രെന്റ് ബോൾട്ട് – യുസ്വേന്ദ്ര ചഹൽ സഖ്യമാണ് മൂന്നുവീതം വിക്കറ്റ് വീഴത്തി മുംബൈയുടെ നട്ടെല്ലൊടിച്ചത്.