തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടിച്ച് വൻ നാശനഷ്ടം. ആറ്റിങ്ങൽ കിഴക്കേമൂലയിൽ പ്രവർത്തിക്കുന്ന ബഡാബസാർ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ഇന്ന് രാത്രിയാണ് തീപിടിത്തമുണ്ടായത്.
പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൽ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. ബഡാബസാർ കെട്ടിടത്തിന്റെ ഭൂമിയ്ക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രമുള്ളത്. ഇവിടെ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
പുക ഉയരുന്നത് ശദ്ധയിൽപ്പെട്ടതോടെ സംഭരണശാലയുടെ സമീപത്തായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.