സോൾ: ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്. പുതിയ ഇന്റർമീഡിയറ്റ് റേഞ്ച് ഹൈപ്പർസോണിക് മിസൈലിന്റെ വിക്ഷേപണം വിജയമായതിന് പിന്നാലെയാണ് അടുത്ത നീക്കം. രണ്ടാഴ്ച മുൻപ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലാണ് ഇന്റർമീഡിയറ്റ് റേഞ്ച് ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം നടന്നതെന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
തങ്ങളുടെ മേഖലയിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. തീരസംരക്ഷണ സേനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയതെന്നും വാർത്താ ഏജൻസികൾ പറയുന്നു. ഈ വർഷം ഇത് മൂന്നാം വട്ടമാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നത്. ജനുവരിയിലും മാർച്ചിലുമാണ് ആദ്യ പരീക്ഷണങ്ങൾ നടന്നത്.
ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോളിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാർച്ചിൽ സോൾ സന്ദർശിച്ചപ്പോഴാണ് അവസാനമായി ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ശക്തമായതോടെയാണ് വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഏത് സമയവും യുദ്ധം ഉണ്ടായേക്കാമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിരുന്നു. 0.001 മില്ലിമീറ്റർ പോലും അതിർത്തി ലംഘനം കണ്ടെത്തിയാൽ ആ നിമിഷം യുദ്ധമാണെന്നാണ് കിം ജോങ് ഉൻ ഭീഷണി മുഴക്കിയിരിക്കുന്നത്. തങ്ങളുടെ പ്രധാന ശത്രുവായിട്ടാണ് ദക്ഷിണ കൊറിയയെ ഉത്തര കൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധത്തിന് മുന്നൊരുക്കങ്ങൾ നടത്തണമെന്നും കിം ജോങ് തന്റെ സൈനികർക്ക് നിർദ്ദേശം നൽകിയിരുന്നു. പരമ്പരാഗത ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഉത്തരകൊറിയയുടെ സൈനികർ പരിശീലനം നടത്തുന്നത്. കിം ജോങ് ഉൻ നേരിട്ടാണ് പലപ്പോഴും ഇതിന്റെ വിലയിരുത്തൽ നടത്തുന്നതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.