ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ പല പ്രദേശങ്ങൾക്കും ചൈന പുനർനാമകരണം നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഭാരതം. ബുദ്ധിശൂന്യമായ നടപടികൾ കൈക്കൊള്ളുന്ന സമീപനം ചൈന ഇപ്പോഴും തുടരുകയാണെന്നും അരുണാചലിനെ സംബന്ധിച്ച് ചൈന നടത്തുന്ന ഓരോ അർത്ഥശൂന്യ നടപടികളെയും ശക്തമായി നിരാകരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
“ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തുകൊണ്ട് ബുദ്ധിശൂന്യമായ നടപടികൾ ചൈന തുടരുകയാണ്. അത്തരം നീക്കങ്ങളെയും നടപടികളെയും ഭാരതം ശക്തമായി നിരസിക്കുന്നു. ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് അരുണാചൽ പ്രദേശ്. മറ്റൊരാൾക്കും അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്ത മേഖല. അത് അന്നും എന്നും ഭാരതത്തിന്റേതായി നിലനിൽക്കുകയും ചെയ്യും. പുതിയ പേരുകൾ നൽകിയെന്ന് കരുതി യാഥാർത്ഥ്യം മറ്റൊന്നാകില്ല.” വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ചൈനയുടെ പ്രകോപനപരമായ നടപടിയുണ്ടായത്. അരുണാചൽ ഉൾപ്പടെ നിരവധി സ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്തുള്ള പട്ടിക ചൈന പുറത്തിറക്കിയിരുന്നു. ഇന്ത്യൻ സംസ്ഥാനമായ അരുണാചലിന്റെ അവകാശവാദം കാലങ്ങളായി ഉന്നയിക്കുന്ന ചൈന അസംബന്ധ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. “നിങ്ങളുടെ വീടിന്റെ പേര് ഞാൻ മാറ്റിയാൽ ആ വീട് എന്റേതാകുമോ” എന്നും ജയശങ്കർ ചോദിച്ചിരുന്നു.