തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കോൺഗ്രസും ഇടതുമുന്നണിയും പ്രധാന്യം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. വീട്, കുടിവെള്ളം, മരുന്ന് ഇൻഷുറൻസ് തുടങ്ങിയവയാണ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ. എന്നാൽ ഇതിന് പരിഹാരം കാണാനല്ല യുഡിഎഫും എൽഡിഎഫും ശ്രമിച്ചത്. എസ്ഡിപിഐ, സിഎഎ, ബീഫ്, മണിപ്പൂർ എന്നീ വിഷയങ്ങൾക്കാണ് ഇവിടെയുള്ളവർ മുൻതൂക്കം നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എംപിയും സർക്കാരും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ മികച്ച പിന്തുണയാണ് നൽകിയിരുന്നത്. ഹൈവേ ഉൾപ്പെടെ തലസ്ഥാനത്ത് കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ് എംപി. ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രധാനമന്ത്രി പ്രധാന്യം നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കേരളത്തിനും തിരുവനന്തപുരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ അനുവദിച്ചത്:
പ്രധാനമന്ത്രി ആവാസ് യോജന
എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം
കേരളത്തിന് അനുവദിച്ചത്: 2,694.29 കോടി രൂപ
തിരുവനന്തപുരത്ത് അനുവദിച്ചത്: 230.15 കോടി രൂപ
ജൽ ജീവൻ മിഷൻ
കേരളത്തിന് അനുവദിച്ചത്: 37.14 ലക്ഷം കുടുംബങ്ങൾക്ക്
തിരുവനന്തപുരത്ത് അനുവദിച്ചത്: 4.29 ലക്ഷം
പിഎം ആയുഷ്മാൻ കാർഡ്
കേരളത്തിന് അനുവദിച്ചത്: 79.95 ലക്ഷം
തിരുവനന്തപുരത്ത് അനുവദിച്ചത്: 9.9 ലക്ഷം
ആയുഷ് മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ
കേരളത്തിന് അനുവദിച്ചത്: 15.8 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരത്ത് അനുവദിച്ചത്: 1.3 കോടി രൂപ
ജൻ ഔഷധി കേന്ദ്രങ്ങൾ
കേരളത്തിന് അനുവദിച്ചത്: 998
തിരുവനന്തപുരത്ത് അനുവദിച്ചത്: 78
എല്ലാവർക്കും വീട് എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യം വഹിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെയും തലസ്ഥാനത്തെ എംപിയുടെയും ലക്ഷ്യം അതല്ല. നിരവധി വീടുകളാണ് തലസ്ഥാനത്ത് പണി പൂർത്തിയാകാതെ മുടങ്ങി കിടക്കുന്നത്. മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ പിഎം ആവാസ് യോജനയ്‌ക്ക് കീഴിൽ പുതിയ പദ്ധതി ആവിഷ്‌കരിക്കും. ഇതിലൂടെ കേന്ദ്രസർക്കാരിന്റെ ഡയറക്ട് ഫണ്ടിംഗ് വഴി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള സഹായം ചെയ്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.