2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, കാണികളും കളിക്കാരും ക്രിക്കറ്റ് ഉള്ളിടത്തോളം ഒരിക്കലും മറക്കാത്തൊരു മത്സരമായിരുന്നു. ചരിത്രത്തിൽ ഇത്രയം ആവേശം നിറഞ്ഞൊരു ഏകദിന ഫൈനൽ ഉണ്ടായിട്ടില്ല. ആവേശം കൊടുമുടി കയറിയ മത്സരത്തിൽ സൂപ്പർ ഓവറിന് ശേഷം ബൗണ്ടറികൾ എണ്ണിയാണ് വിജയികളെ തീരുമാനിച്ചത്. ഈ തീരുമാനം പിന്നീട് വിവാദത്തിനും ആക്ഷേപത്തിനും ഇടയായിരുന്നു.എന്നാൽ കിവീസിന് കീരിടം നഷ്ടപ്പെടുത്തിയത് മറ്റൊരു വിവാദ തീരുമാനമായിരുന്നു. അവസാന ഓവറിലെ ഓവര്‍ത്രോ ബൗണ്ടറിയ്‌ക്ക് പിന്നാലെ അമ്പയര്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വർഷങ്ങൾക്ക് ശേഷം ഈ പിഴവ് സമ്മതിച്ച് വിരമിച്ച അമ്പയർ മറൈസ് ഇറാസ്മസ് തുറന്നുപറച്ചിൽ നടത്തി. ടെലിഗ്രാഫിനോടായിരുന്നു കുറ്റസമ്മതം.
നിയമമനുസരിച്ച് ഓവര്‍ത്രോ ബൗണ്ടറിയില്‍ പോയാൽ നേരത്തേ ബാറ്റര്‍ പൂര്‍ത്തിയാക്കിയ റണ്‍സും ത്രോ എറിയുന്ന സമയത്ത് ബാറ്റര്‍മാര്‍ ക്രോസ് ചെയ്താല്‍ ആ റണ്ണും ടീമിന് ലഭിക്കും. എന്നാല്‍ മാർടിൻ ഗുപ്ടിൽ ത്രോ ചെയ്യുമ്പോൾ റണ്ണിനായി ഓടിയ സ്‌റ്റോക്സും ആദില്‍ റാഷിദും ക്രോസ് ചെയ്തിരുന്നില്ല. നിയമപരമായി അഞ്ച് റണ്‍സ് മാത്രമേ അനുവദിക്കാൻ പാടൂള്ളു. എന്നാൽ അമ്പയർമാർ ആറു റൺസ് നൽകി. അമ്പയര്‍മാരുടെ ഈ തീരുമാനമാണ് പിന്നീട് വലിയ രീതിയിൽ ചോദ്യ ചെയ്യപ്പെട്ടത്. ഓൺ ഫീൾഡ് അമ്പയർമാരായ കുമാർ ധർമ്മ സേന- മറൈസ് ഇറാസ്മസ് എന്നിവരുടെ തീരുമാനത്തിനെതിരെ അമ്പയർ സൈമൺ ടൗഫലും രംഗത്തുവന്നിരുന്നു.സൂപ്പർ ഓവർ സമനിലയിലായതോടെ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
‘പിറ്റേന്ന് രാവിലെ (ഫൈനൽ കഴിഞ്ഞ്) പ്രഭാതഭക്ഷണത്തിന് പോകുമ്പോൾ കുമാർ ധർനമ്മ സേനയും വന്നു. നമ്മൾ വലിയൊരു തെറ്റ് ചെയ്തതായി നിങ്ങൾ മനസിലാക്കിയോ? എന്ന് അദ്ദേഹം ചോദിച്ചു. അപ്പോഴാണ് ഞാൻ കാര്യം അറിയുന്നത്. എന്നാൽ മൈതാനത്ത് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ പരസ്പരം സംസാരിച്ച് ഓവർ ത്രോയ്‌ക്ക് ആറു റൺസ് നൽകി. ബാറ്റർമാർ ക്രോസ് ചെയ്തില്ലെന്ന കാര്യം മനസിലാക്കിയില്ല. അതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനായില്ല”- ഇറാസ്മസ് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.