18 മാസത്തിലൊരിക്കൽ സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. സൂര്യന്റെ നേർരേഖയിൽ ചന്ദ്രൻ വന്ന് പൂർണമായി മറയ്ക്കുന്നതോടെ ഇരുൾ വന്ന് മൂടുന്ന അത്യപൂർവ്വ കാഴ്ചയ്ക്കാണ് ഏപ്രിൽ എട്ടിന് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നത്. മദ്ധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലുമാണ് ഈ പ്രതിഭാസം നടക്കുന്നത്. അതിനാൽ പൂർണ സൂര്യഗ്രഹണ സയത്ത് വ്യത്യസ്തമായൊരു തീരുമാനമെടുത്തിരിക്കുകയാണ് ന്യൂയോർക്ക് സിറ്റിയിലെ ജയിൽ അധികൃതർ.
പൂർണ സൂര്യഗ്രഹണം നടക്കുന്ന സമയത്ത്, അതായത് ഏപ്രിൽ എട്ടിന് ജയിൽ സന്ദർശനം ഉണ്ടായിരിക്കില്ലെന്നാണ് ഉത്തരവ്. ഈ സമയം ബന്ധുക്കളോ സുഹൃത്തുക്കളോ തടവുകാരെ സന്ദർശിക്കാനായി വരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഗ്രഹണ വേളയിൽ ഏകദേശം ഒന്നര മിനിറ്റ് മുതൽ മൂന്നര മിനിറ്റ് വരെ ഇരുൾ അനുഭവപ്പെടുമെന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് ജയിൽ അധികൃതർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
എന്നാൽ സംഭവത്തിൽ പ്രതിഷേധം അറിയിച്ച് തടവുകാർ രംഗത്തെത്തി. പൂർണ സൂര്യഗ്രഹണ സമയത്ത് മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് ഇത്തരം തീരുമാനങ്ങൾ തടസമാകുമെന്നും കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നും തടവുകാർ പരാതിപ്പെട്ടു. ജയിൽ അധികൃതരുടെ തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് തടവുകാരുടെ നീക്കം.
50 വർഷത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് ഏപ്രിൽ 8ന് നടക്കാൻ പോകുന്നത്. 7 മിനിറ്റിലധികം ഈ സൂര്യഗ്രണം അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു. അത്യപൂർവ്വമായ ഈ പ്രതിഭാസം വടക്കേ അമേരിക്കയിലൂടെ സഞ്ചരിച്ച് മെക്സിക്കോയിലും കാനഡയിലേക്കും നീങ്ങും. ഇന്ത്യയിൽ പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുകയില്ല.