തിരുവനന്തപുരം: വിവാഹത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് വട്ടിയൂർക്കാവ് സ്വദേശി ആര്യയുടെ വിയോഗമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും ബന്ധുവുമായ സൂര്യകൃഷ്ണ മൂർത്തി. ഇത്രയും വിദ്യാഭ്യാസമുള്ളവർ എങ്ങനെ ബ്ലാക്ക് മാജിക് കെണിയിൽപ്പെട്ടുവെന്ന് മനസിലാകുന്നില്ല. അവർ ഇത്തരത്തിലൊരു കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്. അവളുടെ വിയോഗ വിവരം അറിഞ്ഞയുടനെ ദേവിയുടെ അമ്മ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ആശുപത്രി അധികൃതരെത്തി അവരെ മരുന്ന് നൽകി മയക്കി കിടത്തിയിരിക്കുകയാണ് അവരെ. ഇക്കാര്യങ്ങൾ അവർക്കെങ്ങനെ താങ്ങാനാകും- സൂര്യകൃഷ്ണ മൂർത്തി പറഞ്ഞു. ആയുർവേദ ഡോക്ടർമാരായിരുന്ന ദേവിയും ഭർത്താവും ജോലിയുപേക്ഷിച്ചിരുന്നു.
ജര്‍മൻ ഭാഷ പഠിച്ച ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും ഒരേ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. എന്നാൽ ദമ്പതിമാരും അദ്ധ്യാപികയും പ്രത്യേക കൂട്ടായ്മ വഴിയാണ് പരിചയപ്പെട്ടതെന്നും സൂചനയുണ്ട്. അടുത്തകാലത്തായി ദേവിയുടെയും ആര്യയുടെയും കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധം പുലർത്തിയിരുന്നു. നവീന് കേക്കുണ്ടാക്കുന്ന ബിസിനസിലേക്ക് കടന്നുവെന്നും പണത്തിന് വേണ്ടിയായിരുന്നില്ല ബിസിനസ് പാഷന്റെ പുറത്തായിരന്നുവെന്നും സൂര്യകൃഷ്ണ മൂർത്തി പറഞ്ഞു. .
മാർച്ച് 28-നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് അരുണാചലിൽനിന്നുള്ള വിവരം.ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്.ആര്യയുടെ മൃതദേഹം കട്ടിലും ദേവിയുടേത് നിലത്തും നവീൻ തോമസിന്റേത് കുളിമുറിയിലുമായിരുന്നു കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് വട്ടിയൂക്കാവ് പൊലീസും ബന്ധുക്കൾക്കൊപ്പം പോകും. ബാക്ക് മാജിക്ക് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പൊലീസ് നൽകിയിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പൊലീസ് മറ്റു സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.