തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക മൊഴിയുമായി ദൃക്സാക്ഷി. പ്രതി രജനികാന്ത് വിനോദ് കുമാറിനെ ശക്തിയായി താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ രാജേഷ് കുമാർ പറഞ്ഞു. സംഭവം നേരിൽ കണ്ട ഏക മലയാളിയാണ് ഇദ്ദേഹം. ജനംടിവിയോടായിരുന്നു രാജേഷിന്റെ പ്രതികരണം.
“ടിടിഇയെ തള്ളിയിടുന്നത് ഞാൻ നേരിൽ കണ്ടതാണ്. അതേ സീറ്റിന്റെ അടുത്ത് തന്നെ ഞാൻ നിൽക്കുന്നുണ്ടായിരുന്നു. സാധനം കൊടുക്കുന്ന സമയത്താണ് ഇയാൾ തള്ളിയത്. വാതിലിന്റെ വലതുവശത്ത് ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു ടിടിഇ. അപ്രതീക്ഷിതമായാണ് പ്രതി അദ്ദേഹത്തെ രണ്ട് കൈയും ഉപയോഗിച്ച് പുറത്തേക്ക് തള്ളിയത്”.
“അദ്ദേഹം സ്ക്വാഡായിരുന്നു. അടുത്ത സമയത്താണ് ടിടിഇ ആയത്. വളരെ നല്ല മനുഷ്യനാണ്. ആരെയും ഉപദ്രവിക്കാത്ത നല്ലൊരു വ്യക്തിയാണ് അദ്ദേഹം. ടിക്കറ്റുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനിടെ ഒരു ഫോൺകോൾ വന്നതോടെയാണ് ടിടിഇ പുറത്തേക്ക് പോയത്. ഈ സമയം പിന്തുടർന്ന് പോയ പ്രതി ടിടിഇയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു”.
“നല്ല ആരോഗ്യവാനായ ആളാണ് പ്രതി. കാലിന് മാത്രമേ ശേഷിക്കുറവുള്ളു. സംഭവത്തിന് ശേഷം ‘പുറത്തേക്കിട്ടു പുറത്തേക്കിട്ടു’ എന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിൽ ഇതുവരെ ഇത്രയും മോശമായ വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. അത്ര മോശമായാണ് അയാൾ മദ്യപിച്ച് ട്രെയിനിനകത്ത് ബഹളമുണ്ടാക്കിയത്. ആ പ്രതിയ്‌ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുക തന്നെ വേണം” – ദൃക്സാക്ഷിയായ രാജേഷ് കുമാർ പറഞ്ഞു.















