അത്ര എളുപ്പത്തിൽ ഇനി യുഎഇ വിസ റദ്ദാക്കാൻ സാധിക്കില്ല. സ്വന്തം നിലയിൽ വിസ റദ്ദാക്കാൻ കഴിയില്ല, പകരം പുതുതായി അഞ്ച് നടപടിക്രമങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ വിസ സ്പോൺസർ ചെയ്തയാളും ജീവനക്കാരുടെ വിസ, കമ്പനിയുമാണ് റദ്ദാക്കേണ്ടത്.
ജീകവനക്കാരന്റെ വിസ റദ്ദാക്കണമെങ്കിൽ തൊഴിൽ കരാറും ലേബർകാർഡും റദ്ദാക്കാൻ കമ്പനി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. വേതനവും സേവനാന്തര ആനുകൂല്യവും ലഭിച്ചെന്ന് ഉറപ്പാക്കാൻ തൊഴിലാളി ഒപ്പിട്ട സാക്ഷ്യപത്രവും ഹാജരാക്കണം. തുടർന്ന് വിസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപിക്കോ ജിഡിആർഎഫ്എയ്ക്കോ അപേക്ഷ നൽകണം.
ആശ്രിതരുടെ വിസ റദ്ദാക്കിയ ശേഷം മാത്രമാണ് വ്യക്തികളുടെ വിസ റദ്ദാക്കേണ്ടത്. ഐസിപി വെബ്സൈറ്റിൽ ഓൺലൈനായോ ടൈപ്പിംഗ് സെന്ററുകൾ വഴിയോ വിസ റദ്ദാക്കാം. കൂടുതൽ വിവരങ്ങൾക്ക് https://icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വിസ കാലാവധി കഴിയുന്നതിന് മുൻപ് പുതുക്കിയാൽ മാത്രമേ നിയമപരമായി രാജ്യത്ത് തുടരാൻ അനുവദിക്കൂ. വിസകളുടെ ഇനം അനുസരിച്ച് റദ്ദാക്കിയ ശേഷം രാജ്യം വിടുന്നതിന് ഒന്ന് മുതൽ ആറ് മാസം വരെ സാവകാശം നൽകുന്നു. എന്നിട്ടും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴയിടാക്കും. വിസ കാലാവധി അവസാനിക്കുന്നതോടെ എമിറേറ്റ്സ് ഐഡിയും കാലാഹരണപ്പെടും.