അമരാവതി: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ഡെങ്കട മണ്ഡലത്തിലെ ദ്വാരപുരറെഡ്ഡി പാലം ഗ്രാമത്തിന് സമീപം ചമ്പാവതി നദിയുടെ തീരത്ത് നിന്നും 874 വർഷം പഴക്കമുള്ള ശിലാലിഖിതം കണ്ടെത്തി. വളരെ അവഗണിക്കപ്പെട്ട അവസ്ഥയിൽ നദീ തീരത്ത് കിടന്നിരുന്ന ഈ ലിഖിതം കിഴക്കൻ ഗംഗാ രാജാവായ അനന്തവർമൻ ഛോഡഗംഗ ദേവന്റെ ഭരണകാലത്തെയാണ് എന്ന് ഗവേഷകർ പറയുന്നു.
തെലുങ്ക് ലിപിയിലും ഭാഷയിലും ആലേഖനം ചെയ്‌തിരിക്കുന്ന ലിഖിതം ശക വർഷം 1072 ലേയാണ് (അതായത് ക്രിസ്തുവർഷം 1150 ലെ) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ഈ ലിഖിതത്തിൽ ധർമ്മപുരയിലെ ചോഡഗംഗേശ്വര ക്ഷേത്രത്തിന് ഭൂമിയും ഗ്രഹണവിളക്കും സമ്മാനിച്ചതിനെപ്പറ്റി പരാമർശിക്കുന്നു. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ്, പത്മശ്രീ സത്യനാരായണ രാജഗുരു തന്റെ ‘ഇൻസ്ക്രിപ്ഷൻസ് ഓഫ് ഒറീസ്സ വാല്യം-3’ എന്ന പുസ്തകത്തിൽ ഈ ലിഖിത സ്ലാബിന്റെ വിശദാംശങ്ങൾ പങ്കുവെച്ചിരുന്നതായി ഇത് കണ്ടെത്തിയ ഗവേഷകർ അഭിപ്രായപ്പെട്ടു. 11-15 നൂറ്റാണ്ടുകളിൽ ഈ പ്രദേശം ഭരിച്ചിരുന്ന മധ്യകാല കലിംഗന്മാരായ കിഴക്കൻ ഗംഗാ രാജവംശത്തിന്റേതാണ് ഈ ഫലകം.
ഒഡിയ ഗവേഷക കൂട്ടായ്മയായ കലിംഗ എപ്പിഗ്രാഫിക്കൽ റിസർച്ച് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളായ ദീപക് കുമാർ നായക്, ബിക്രം കുമാർ നായക് എന്നിവരാണ് ലിഖിതം കണ്ടെത്തിയത്. പ്രാദേശിക പൈതൃക പ്രേമികളായ ഡി.സന്തോഷ്, ബിജയകുമാർ കൊറട എന്നിവർ സംഘത്തെ സഹായിച്ചു. നിലവിൽ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന കലിംഗൻ പൈതൃക സ്ഥലങ്ങളും പുരാവസ്തു അവശിഷ്ടങ്ങളും പട്ടികപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നവരാണ് ഈ പൈതൃക ഗവേഷകർ .
“പുരാതന കലിംഗ സാമ്രാജ്യത്തിന്റെ വിശാലമായ പ്രദേശം ഇന്നത്തെ ഒഡീഷയുടെ രാഷ്‌ട്രീയ അതിർത്തിയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. വ്യത്യസ്‌ത പുരാണവും ചരിത്രപരവുമായ വിവരണങ്ങളിൽ നിന്ന്, കലിംഗയുടെ തെക്കൻ പ്രദേശം ഗോദാവരി നദി വരെ വ്യാപിച്ചിരുന്നുവെന്ന് മനസിലാക്കാം. ഇന്നത്തെ ഒഡീഷയുടെ തെക്കൻ അതിർത്തിക്ക് പുറത്ത് കലിംഗൻ ബന്ധമുള്ള പുരാവസ്തു, സാംസ്കാരിക സ്ഥലങ്ങൾ ഞങ്ങൾ പട്ടികപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ സൈറ്റുകളിൽ പലതും കാലക്രമേണ നഷ്ടപ്പെടുകയോ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്യുന്നു. അതുകൊണ്ടാണ് അവരുടെ ലിസ്റ്റിംഗും ഡോക്യുമെൻ്റേഷനും ഇപ്പോൾ വളരെ പ്രധാനമായിരിക്കുന്നത്, ”ദീപക് പറഞ്ഞു.
“ഞങ്ങളുടെ ഡോക്യുമെൻ്റേഷനിൽ, വിജയനഗരം പട്ടണത്തിന് സമീപം ‘ധർമ്മപുരി’ എന്ന പേരിൽ ഒരു ഗ്രാമമുണ്ടെന്നും പഴയ ഒരു ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും ഞങ്ങൾ കണ്ടെത്തി. അതിനാൽ, ധർമ്മപുരിയിൽ ഒരു ശിവക്ഷേത്രം നിലനിന്നിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു, അത് മിക്കവാറും ഛോഡഗംഗ ദേവൻ നിർമ്മിച്ചതും ഛോഡഗംഗേശ്വര ക്ഷേത്രം എന്ന് അഭിസംബോധന ചെയ്യപ്പെട്ടതുമാണ്, ”ബിക്രം കുമാർ നായക് കൂട്ടിച്ചേർത്തു.
“കിഴക്കൻ ഗംഗാ കാലഘട്ടത്തിലെ ലിഖിതത്തിന് ചരിത്രപരമായ മൂല്യമുണ്ടെന്ന് ‘കലിംഗ എപ്പിഗ്രാഫിക്കൽ റിസർച്ച് ഗ്രൂപ്പ്’ അംഗം ബിഷ്ണു മോഹൻ അധികാരി പറഞ്ഞു. “ഇത് അവഗണനയുടെ അവസ്‌ഥയിലാണിപ്പോൾ, എത്രയും വേഗം സംരക്ഷിക്കണം. വെള്ളപ്പൊക്ക മേഖലയിലും കാലാവസ്ഥാ വ്യതിയാനത്തിനു വിധേയമായി തുറന്നുകിടക്കുന്നതിനാൽ അതിജീവനത്തിന് ഗുരുതരമായ ഭീഷണിയുണ്ട്. ശിലാഫലകങ്ങളിൽ നിന്നുള്ള നിരവധി അക്ഷരങ്ങൾ ഇപ്പോൾ ദ്രവിച്ച് കേടായിരിക്കുകയാണ്. ഇത് മ്യൂസിയത്തിലേക്ക് മാറ്റി സംരക്ഷിക്കണം”. അദ്ദേഹം പറഞ്ഞു.
പുരാതന കലിംഗ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പുരാവസ്തു അവശിഷ്ടങ്ങളുടെ അവഗണനയെക്കുറിച്ച് മുതിർന്ന റിട്ടയേർഡ് അഡ്മിനിസ്ട്രേറ്ററായ സഞ്ജിബ് ചന്ദ്ര ഹോട്ട ആശങ്ക പ്രകടിപ്പിച്ചു. കണ്ടെത്തിയ സ്ഥലമായ വിജയനഗരം യഥാർത്ഥത്തിൽ കലിംഗ രാജ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പുരാതന ലിഖിതങ്ങൾ സംരക്ഷിക്കുന്നതിനും മ്യൂസിയങ്ങളിലേക്ക് മാറ്റുന്നതിനുമായി ഒഡീഷയിലെ സാംസ്കാരിക വകുപ്പ് ആന്ധ്രാപ്രദേശ് സംസ്ഥാന പുരാവസ്തു വകുപ്പുമായി ബന്ധപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം, അത്തരം അമൂല്യമായ ചരിത്രാവശിഷ്ടങ്ങൾ കാലക്രമേണ എന്നെന്നേക്കുമായി നഷ്‌ടപ്പെടുമെന്ന് ശ്രീ ഹോട്ട പറഞ്ഞു.
മധ്യകാല കലിംഗന്മാരായ കിഴക്കൻ ഗംഗാ രാജവംശത്തിന്റെ അതിർത്തി ഗോദാവരി കടന്ന് ഇന്നത്തെ ആന്ധ്രാ പ്രദേശ് വരെ വ്യാപിച്ചിരുന്നു എന്ന വാദത്തിന് ബലമേകുന്ന ഈ ചരിത്രപരമായ കണ്ടുപിടിത്തം നടത്തിയതിനാൽ കലിംഗ എപ്പിഗ്രാഫിക്കൽ റിസർച്ച് ഗ്രൂപ്പിലെ യുവ ഗവേഷകർ ഒറീസ്സയിൽ മാധ്യമങ്ങളുടെ അഭിനന്ദനങ്ങളേറ്റു വാങ്ങുകയാണ്. സോഷ്യൽ മീഡിയയിലും ഇവരെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തു വരുന്നത്.