ഭോപ്പാൽ: അനധികൃത ആയുധക്കച്ചവട സംഘത്തെ പിടികൂടി മദ്ധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്. പിസ്റ്റലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന 360 ബാരലുകൾ ഉൾപ്പെടെ പിടിച്ചെടുത്തു. മൂന്നംഗസംഘത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബർവാനി ജില്ലയിൽ നിന്നും ഇതിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുളളവരെയും പിടികൂടിയത്.
സൂററ്റിൽ നിന്നാണ് ഇവർ തോക്കുകൾ നിർമിക്കാനുളള സാധനങ്ങൾ മധ്യപ്രദേശിലെത്തിക്കുന്നത്. താൽക്കാലികമായി സൂററ്റിൽ താമസിച്ചാണ് ഈ സാധനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘം വെളിപ്പെടുത്തി. തുടർന്ന് സൂററ്റിൽ നടത്തിയ പരിശോധനയിലാണ് ബാരലുകൾ പിടിച്ചെടുത്തത്.
ഖാർഗോണിലെ അനധികൃത പിസ്റ്റൽ നിർമാണ യൂണിറ്റ് കണ്ടെത്തിയതിന് പിന്നാലെയാണ് അനധികൃത ആയുധ നിർമാണ റാക്കറ്റും പിടിയിലാകുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് ഭീകരവിരുദ്ധ സംഘം അറിയിച്ചു.