ന്യൂഡൽഹി : സാമ്പത്തികമായും തന്ത്രപ്രധാനമായതുമായ ഒരു ഭാഗത്തെ ഒഴിവാക്കി എന്നതിലുപരിയായി, കച്ചത്തീവ് വിട്ട് കൊടുത്തത് വഴി ഭാരതത്തിന്റെ ഒരു ഭാഗത്തെ തന്നെ അടർത്തിമാറ്റുകയാണ് കോൺഗ്രസ് ചെയ്തതെന്ന വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്. ഭാരതത്തിന്റെ അഖണ്ഡത നശിപ്പിക്കാൻ ഇക്കൂട്ടർ പലതവണയാണ് ശ്രമിച്ചത്. കച്ചത്തീവിനെ വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു സർക്കാരിനെ തന്നെ ഭാരതത്തിലെ ദേശസ്‌നേഹികൾ ഇക്കുറിയും തെരഞ്ഞെടുക്കുമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയ്ൻ വ്യക്തമാക്കി.
ചരിത്രപരമായി കച്ചത്തീവ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് വിഎച്ച്പി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കച്ചത്തീവ് കൈമാറാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനം ഏപപക്ഷവും ഭരണഘടനാ വിരുദ്ധവുമായിരുന്നു. ഭാരതത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കുമെതിരായ നീക്കമായിരുന്നു ഇത്. പാർലമെന്റിനോടും തമിഴ്‌നാടിനോടും ദശലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളോടും ചെയ്ത വഞ്ചനയെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാകൂ.
സ്വകാര്യ സ്വത്താണെന്ന മട്ടിലാണ് ഇന്ദിരാഗാന്ധി കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് കൈമാറിയത്. 1956 മുതൽ 1974 വരെ ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രിമാർ യാതൊരു അടിസ്ഥാനവുമില്ലാത്ത മറുപടികളാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരമായി നൽകിയത്. കച്ചത്തീവ് കൈമാറുന്ന നടപടി പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും അവർ ഇതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.
ഏകപക്ഷീയമായ തീരുമാനത്തിലൂടെ തന്നെ അവർ മുന്നോട്ട് പോയി. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. പൗരന്മാരുടെ അവകാശങ്ങളെ ബാധിക്കുന്ന ഭൂമി കൈമാറ്റം അവരുടെ അനുമതിയോടെ മാത്രം നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതിനെയെല്ലാം തെറ്റായി ചിത്രീകരിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള നീക്കങ്ങൾ.
ഭാരതത്തിന്റെ അതിർത്തി മേഖലകളോട് എല്ലാക്കാലത്തും നിർവികാരമായ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. കശ്മീരിന്റെ 42,735 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയും, 34,639 ചതുരശ്ര കിലോമീറ്റർ പ്രദേശം പാകിസ്താനും സ്വാതന്ത്ര്യം നേടി ഏതാനും ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുത്തു. ചൈനയുടെ അധിനിവേശത്തെ നെഹ്‌റു വളരെ നിഷ്‌കളങ്കമായി തള്ളിക്കളഞ്ഞു. ദേശീയ താത്പര്യങ്ങളോട് നെഹ്‌റു എല്ലാക്കാലത്തും ഈ സമീപനമാണ് വച്ച് പുലർത്തിയതെന്നും” പ്രസ്താവയിൽ പറയുന്നു.















