കോടതിയും നിയമവും സർക്കാരിന് ബാധകമല്ലേ? അതിജീവിതയെ പിന്തുണച്ച നഴ്സിന് നാലാം ദിനവും നിയമനമില്ല; ഹൈക്കോടതിയെ വകവയ്‌ക്കാതെ പിണറായി സർക്കാർ

Published by
Janam Web Desk

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയുവിൽ പീഡിനത്തിനിരയായ യുവതിക്ക് വേണ്ടി ശബ്ദമുയർത്തിയ സീനിയർ നഴ്സിം​ഗ് ഓഫീസർ പിബി അനിതയ്‌ക്ക് നാലാം ദിനവും നിയമനമായില്ല. അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും മെഡിക്കൽ കോളജ് അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല.

അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തിരികെ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിനിടെ ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്‌ക്കാണ് ജോലിയിൽ പ്രവേശിപ്പിക്കാൻ സാധിക്കുക.

കഴിഞ്ഞ വർഷം മാർച്ചിലാണ് കേരളത്തെ തന്നെ ഞെട്ടിച്ച പീഡനവാർത്ത പുറത്തുവന്നത്. ഐസിയുവിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരിക്കെ ജീവനക്കാരൻ പീഡനത്തിനിരയാക്കുകയായിരുന്നു. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ ആറ് വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ അധികൃതർക്ക് അനിതാ റിപ്പോർട്ട് ചെയ്തു. തുടർന്ന് ആറ് പേരെ സസ്പെൻഡ് ചെയ്തു.

പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ച് മൊഴി നൽകിയ അനിതയെയും ചീഫ് നഴ്സിം​ഗ് ഓഫീസർ, നഴ്സിം​ഗ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. എന്നാൽ അനിത ഒഴികെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ ലഭിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചു. അനിതയ്‌ക്ക് നിയമനം നൽകാൻ കോഴിക്കോട് ഒഴിവില്ല എന്ന് വാദിച്ച സർക്കാർ അനിതയുടെ ഒഴിവിലേക്ക് മറ്റൊരാൾക്ക് നിയമനം നൽകി. തുടർന്നാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.

Share
Leave a Comment