ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ മറ്റേതൊരു ജനതയേയും പോലെ സ്വൈര്യജീവിതത്തിന്റെ ആശ്വാസമറിയുകയാണ് ജമ്മുകശ്മീർ. താഴ്വരയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും കശ്മീരികളുടെ ജീവിതശൈലിയെ അപ്പാടെ മാറ്റിമറിച്ചു. സ്വാതന്ത്ര്യത്തോടെ ശ്വാസമെടുക്കാൻ കശ്മീർ തുടങ്ങിയിരിക്കുന്നുവെന്നാണ് മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്. വൈകാതെ തന്നെ അഫ്സ പിൻവലിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയും സൂചന നൽകിയിരുന്നു. കശ്മീരിലെ മാറ്റങ്ങൾ കണ്ട് ബിജെപിയുടെ നിത്യവിമർശകർ പോലും അഭിനന്ദിക്കുന്ന ഘട്ടത്തിലെത്തി നിൽക്കെ ഇത് കേന്ദ്രസർക്കാരിന് വോട്ടായി മാറുമെന്ന് ഭയക്കുന്ന മറ്റൊരു പക്ഷം കശ്മീരിനെ ഇപ്പോഴും ഭീതിത മേഖലയായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനുദാഹരമാണ് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി നടത്തിയ പ്രതികരണം.
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് ശേഷം താഴ്വര തീർത്തും തുറന്ന ജയിലായി മാറിയെന്നാണ് മെഹബൂബ മുഫ്തിയുടെ വാദം. വിഘടനവാദി മിർവൈസ് ഉമർ ഫറൂഖിനെ വീട്ടുതടങ്കലിലാക്കിയ നടപടിയെയും അവർ വിമർശിച്ചു. മദ്രസകൾ തകർക്കപ്പെടുകയാണെന്നും മുസ്ലീം സമൂഹം അപകടത്തിലാണെന്നുമാണ് മുഫ്തിയുടെ മറ്റൊരു അവകാശവാദം.
“ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു, 2019 ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ചതെല്ലാം ഇപ്പോഴും തുടരുകയാണ്. ജമ്മുകശ്മീർ ഒരു ഓപ്പൺ ജയിലായി മാറിക്കഴിഞ്ഞു” മുഫ്തി പ്രതികരിച്ചു. ശ്രീനഗറിലെ ഹസ്രത്ബൽ ദർഗയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി എത്തിയപ്പോഴായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പരാമർശം.
ഇൻഡി സഖ്യത്തിന് തിരിച്ചടിയായി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പിഡിപി അദ്ധ്യക്ഷ പ്രഖ്യാപിച്ചിരുന്നു. ജമ്മുകശ്മീരിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലേക്ക് പിഡിപി സ്ഥാനാർത്ഥികളെ നിർത്തുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീരിലെ മൂന്ന് സീറ്റുകളിലും നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥികളെ നിർത്തുമെന്ന ഒമർ അബ്ദുള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇൻഡി മുന്നണിക്ക് തിരിച്ചടിയായി മുഫ്തിയും നിലപാടറിയിച്ചത്.