ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാരെ മെരുക്കി സൺറൈസേഴ്സ് ബൗളർമാർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. ടോസ് നേടിയ കമ്മിൻസ് ചെന്നൈയെ ബാറ്റിംഗിന് വിടുകയായിരന്നു. പതിഞ്ഞ തുടക്കമായിരുന്ന ചെന്നൈക്ക്. ഓപ്പണർമാരായ രചിൻ രവീന്ദ്രയ്‌ക്കും(12), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനും(26), വേഗത്തിൽ സ്കോർ ഉയർത്താനായില്ല. മൂന്നാം ഓവറിൽ രചിനെ മടക്കി ഭുവനേശ്വർ കുമാറാണ് ചെന്നൈയെ ആദ്യം ഞെട്ടിച്ചത്. ഏഴാം ഓവറിൽ ക്യാപ്റ്റനെ മടക്കി ഷഹബാസ് അഹമ്മദും കമ്മിൻസിന്റെ തന്ത്രം കളത്തിൽ നടപ്പാക്കി.
എന്നാൽ പിന്നീട് ക്രീസിൽ ഒരുമിച്ച രഹാനെ-ദുബെ സഖ്യമാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേർന്ന് 39 പന്തിൽ 65 റൺസടിച്ച് മുന്നേറവെ ദുബെയ മടക്കി കമ്മിൻസാണ് കൂട്ടുക്കെട്ട് പൊളിക്കുന്നത്. 24 പന്തിൽ 45 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 35 റൺസെടുത്ത രഹാനയും കൂടാരം കയറി. ഇതോടെ ചെന്നൈ പതറി. 23 പന്തിൽ 31 റൺസെടുത്ത ജഡേജയ്‌ക്കും 13 റൺസെടുത്ത് പുറത്തായ ഡാരിൽ മിച്ചലിനും അവസാന ഓവറുകളിൽ വേഗത്തിൽ സ്കോർ ഉയർത്താനാകാത്തത് തിരിച്ചടിയായി.
കമ്മിൻസ്, ഭുവനേശ്വർ കുമാർ,ടി.നടരാജൻ,ഷഹബാസ് അഹമ്മദ്, ജയദേവ് ഉനാദ്ഘട് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മദ്യ ഓവറുകളിലും അവസാന ഓവറുകളിലും സ്ലോ ബോളുകളും ഷോർട്ട് ബോളുകളും കൊണ്ടാണ് ചെന്നൈ ബാറ്റർമാരെ ഹൈദരാബാദ് ബൗളർമാർ വട്ടം ചുറ്റിച്ചത്. ദുബെ വീണതോടെ ചെന്നൈയ്‌ക്ക് കൂറ്റനടികൾക്ക് സാധിച്ചില്ല. അവസാന ഓവറിൽ ധോണി ബാറ്റു ചെയ്യാനെത്തിയെങ്കിലും രണ്ടു പന്തിൽ ഒരു റൺസാണ് നേടാനായത്.