ന്യൂഡൽഹി: ഭാരതത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഏതൊരാൾക്കും ഉചിതമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തി പാകിസ്താനിലേക്ക് ഓടിയൊളിച്ചെങ്കിൽ പാകിസ്താന്റെ മണ്ണിലെത്തി മറുപടി നൽകാൻ ഭാരതത്തിനറിയാം. അതിനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് ഇപ്പോൾ പാകിസ്താൻ മനസിലാക്കി തുടങ്ങിയിരിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.
വിദേശമണ്ണിലുള്ള ഭീകരരെ ഇല്ലാതാക്കാൻ ഭാരത സർക്കാർ പ്രത്യേക ഉത്തരവ് നൽകി ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്ന വിദേശമാദ്ധ്യമ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ചപ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി. പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് യുകെ ന്യൂസ്പേപ്പറായ ദി ഗാർഡിയൻ ആയിരുന്നു വാർത്ത നൽകിയിരുന്നത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടാണെന്നും തെറ്റായ പരാമർശമാണ് ഗാർഡിയൻ ഉന്നയിച്ചിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകിയിരുന്നു.
അയൽക്കാരുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കുന്നതിനാണ് ഇന്ത്യ താത്പര്യപ്പെടുന്നതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. “ചരിത്രത്തിലേക്ക് നോക്കൂ.. ഒരു രാജ്യത്തെയും ഭാരതം ആക്രമിച്ചിട്ടില്ല. ഒരു രാജ്യത്തിന്റെയും ഒരുതുണ്ട് ഭൂമി പോലും ഭാരതം കൈവശപ്പെടുത്തിയിട്ടില്ല. അധിനിവേശം നടത്തിയിട്ടില്ല. അതാണ് ഇന്ത്യയുടെ രീതി. എന്നിരുന്നാലും ഭാരതത്തെ കയറി വിരട്ടാൻ ശ്രമിച്ചാൽ, അതിനായി ഈ മണ്ണിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയാൽ, അത്തരക്കാരെ ഒരുകാരണവശാലും വെറുതെ വിടില്ല. “- പാകിസ്താനിൽ അഭയം തേടിയ ഭീകരരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.















