അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അവസാന ചിരി. ഡൽഹിക്കായി അവസാനം വരെ പോരാട്ടം നയിച്ച ട്രിസ്റ്റൺ സ്റ്റബ്‌സ് തോൽവി ഭാരം കുറച്ചത്. ഡൽഹിയെ ആദ്യഘട്ടത്തിൽ തോളേറ്റിയ പൃഥ്വി ഷായുടെ പ്രകടനം മത്സരത്തിൽ നിർണായകമായി. 18-ാം ഓവറിലെ ബുമ്രയുടെ പ്രകടനവും അവസാന ഓവറിലെ കോട്ട്‌സീയുടെ പ്രകടനവുമാണ് കളി മുംബൈയ്‌ക്ക് അനുകൂലമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. 29 റൺസിനായിരുന്നു തോൽവി. 71 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ഓപ്പൺമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും മികച്ച തുടക്കമാണ് നൽകിയത്. 3.4 ഓവറിൽ ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്ടമാകുന്നത്. 10 റൺസെടുത്ത താരത്തെ റൊമാരിയോ ഷെപ്പേർഡാണ് കൂടാരം കയറ്റിയത്. വൺഡൗണായി ക്രീസിലെത്തിയ അഭിഷേക് പോറലും പൃഥ്വി ഷായും ക്രീസിലൊരുമിച്ചപ്പോഴാണ് റണ്ണാഴുകാൻ തുടങ്ങിയത്. ടീം സ്‌കോർ 110-ൽ നിൽക്കുമ്പോഴാണ് അപകടകരമായ ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 66 റൺസെടുത്ത ഷായെ മടക്കി ജസ്പ്രീത് ബുമ്രയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നൽകിയത്. ട്രിസ്റ്റൺ സ്റ്റബ്സുമായി ചേർന്ന് മികച്ച പ്രകടനം കാഴ്ച വച്ച അഭിഷേക് പോറലിനെ(41) മടക്കി ബുമ്ര വീണ്ടും ഡൽഹിക്ക് പ്രഹരം നൽകി. 34 റൺസാണ് സ്റ്റബ്‌സ്- പോറൽ കൂട്ടുകെട്ടിൽ പിറന്നത്. നായകൻ ഋഷഭ് പന്ത്(1) പെട്ടെന്ന് മടങ്ങിയത് ഡൽഹിയെ ഞെട്ടിച്ചു. അക്‌സർ പട്ടേൽ(8), കുമാർ കുഷ്ഗാര(0), ജെ റിച്ചാർഡ്‌സൺ(0) എന്നിവർക്ക് റൺസ് കണ്ടെത്താനായില്ല.
മുംബൈക്ക് വേണ്ടി ജെറാൾഡ് കോട്‌സീ നാല് വിക്കറ്റ് വീഴ്‌ത്തി. ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ റൊമാരിയോ ഷെപ്പേർഡ് ഒരു വിക്കറ്റും വീഴ്‌ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയിരുന്നു.