എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു എന്നിവർ വീണ്ടം ഹാജരാകണം. ഇന്ന് എട്ടരമണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇരുവരെയും വിട്ടയച്ചിരുന്നു. അതേസമയം സിഎമ്മിന്റെ ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സാഹകരണ ബാങ്കുളിലെ അക്കൗണ്ടിലുള്ള ആസ്തി വിവരങ്ങളാണ് ഹാജരാക്കാൻ പറഞ്ഞിരിക്കുന്നത്. രാവിലെ 10.30 ന് കൊച്ചിയിലെ ഇ.ഡി ഓഫിസിലാരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് ഏഴോടെയാണ് അവസാനിച്ചത്. എം.എം വർഗീസ് ഈ മാസം 22നും പി.കെ ബിജു അടുത്ത വ്യാഴാഴ്ചയും ഹാജരാകണം.
തൃശൂരിൽ ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടിന് പുറമെ സിപിഎമ്മിന് മറ്റ് സഹകരണ ബാങ്കുകളിലടക്കമുള്ള 81 അക്കൗണ്ടുകൾ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയ അഞ്ചു രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പിനും കൈമാറിയിരുന്നു. ആസ്തി വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശിച്ച കാര്യം സമ്മതിച്ച എം.എം വർഗീസ് കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു.
101 ഇടങ്ങളിൽ കെട്ടിടവും ഭൂമിയുമുണ്ട്. ഇതിൽ ആറിടത്തെ സ്വത്തുകള്‍ വിറ്റഴിച്ചു. ആയിരത്തിലേറെയുള്ള ബ്രാഞ്ച് കമ്മിറ്റിയുടെയോ 250ലേറെയുള്ള ലോക്കൽ കമ്മറ്റിയുടേതോ സ്വത്ത് വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. ഒന്നും മറച്ചുവച്ചിട്ടില്ലെന്നാണ് വർഗീസിൻറെ വാദം. ഇക്കാര്യങ്ങളിൽ ഇഡി വ്യാപക പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. പാർട്ടി അന്വേഷണ കമ്മിഷനെക്കുറിച്ചുള്ള ചോദ്യത്തിനും ഒഴുക്കൻ മറുപടിയാണ് വർഗീസ് നൽകിയത്.