ന്യൂഡൽഹി: ഹൈക്കോടതി വിധിയോടെ മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നതായി ബിജെപി നേതാവ് ബൻസുരി സ്വരാജ്. അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇനിയും ഈ സ്ഥാനത്ത് കടിച്ച് തൂങ്ങി കിടക്കാതെ കെജ്‌രിവാൾ രാജിവച്ച് ഒഴിയണമെന്നും ബൻസുരി സ്വരാജ് ആവശ്യപ്പെട്ടു. അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ ആം ആദ്മിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി നേതാക്കൾ ഉപയോഗിച്ചതായും ബൻസുരി ആരോപിച്ചു.
” മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്ന് ഹൈക്കോടതിയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ധാർമ്മികതയുടെ പേരിൽ കെജ്‌രിവാൾ ഈ സ്ഥാനം ഒഴിയണം. ഈ അഴിമതിയിൽ കെജ്‌രിവാളിന് വലിയ പങ്കാണ് ഉള്ളത്. ഹൈക്കോടതിയിലും തെളിവുകൾ എത്തിയിട്ടുണ്ട്. അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇഡി നൽകിയ എല്ലാ തെളിവുകളും കോടതി പരിശോധിച്ച് മനസിലാക്കിയിട്ടുണ്ട്. ഹവാല ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും” ബൻസുരി പറയുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാൾ ഉൾപ്പെട്ടതിന്റെ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന കെജ്‌രിവാളിന്റെ വാദവും കോടതി തള്ളി.
ഗോവ തെരഞ്ഞെടുപ്പിന് കെജ്‌രിവാളിന് പണം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും ആം ആദ്മി പാർട്ടിയുടെ സ്വന്തം സ്ഥാനാർത്ഥിയുടേയും മൊഴികളും ഇഡിക്ക് ഹാജരാക്കാൻ കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഈ മാസം 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയത്.















