ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് ഇന്ത്യൻ ടീമിന്റെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലിൽ ഈ സീസണിൽ ചെന്നൈയുടെ നായകസ്ഥാനം അപ്രതീക്ഷിതമായി കൈമാറിയെങ്കിലും സ്റ്റേഡിയത്തിലേക്ക് ധോണിയെ വലിയ ആവേശത്തോടെയാണ് ആരാധകർ എന്നും എപ്പോഴും വരവേൽക്കാറുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ശിവം ദുബെ പുറത്തായതോടെ ധോണി ബാറ്റിംഗിനിറങ്ങണമെന്നാവശ്യപ്പെട്ട് ഗാലറിയിൽ നിന്ന് ധോണി ധോണി വിളികൾ മുഴങ്ങിയിരുന്നു. മൂന്ന് റൺസ് മാത്രമായിരുന്നു അപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത്.
ഈ സമയത്ത് സഹതാരം രവീന്ദ്ര ജഡേജ കാണികളെ പറ്റിക്കാൻ ഒപ്പിച്ച തമാശയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ധോണിക്ക് മുമ്പേ ബാറ്റും ഹെൽമെറ്റും എടുത്ത് ജഡേജ ഡഗൗട്ടിൽ നിന്നിറങ്ങുകയും ചിരിച്ചുകൊണ്ട് തിരിച്ചുകയറുകയുമായിരുന്നു. ഉടൻ ധോണി ഗ്രൗണ്ടിലിറങ്ങുന്നതും സഹതാരങ്ങളടക്കം കൂട്ടച്ചിരിയോടെ തമാശയിൽ പങ്കുചേരുന്നതിന്റെയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
Mahi Bhaii told Jadeja to ‘You just act as going to bat ,But I will go for batting’ : Tushar Deshpande 😂 pic.twitter.com/Sl2gf997BJ
— Kettavan Memes (@Kettavan__Memes) April 9, 2024
“>
എന്നാൽ ഈ തന്ത്രം മെനഞ്ഞത് ജഡേജയല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമംഗം തുഷാർ ദേശ്പാണ്ഡെ. ധോണി ഭായിയാണ് ഇതുപോലെ ചെയ്യാൻ ജഡേജയോട് നിർദ്ദേശിച്ചത്. അഞ്ചാമനായി ബാറ്റിംഗിന് ഞാനിറങ്ങും. പക്ഷേ നിങ്ങൾ ഇറങ്ങാൻ പോകുന്ന രീതിയിലായിരിക്കും ആരാധകർക്ക് മുന്നിലേക്ക് ഞാനെത്തുകയെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏഴാമനോ എട്ടാമനോ ആയാണ് ഈ സീസണിൽ ചെന്നൈയ്‌ക്ക് വേണ്ടി ധോണി ബാറ്റിംഗിനിറങ്ങാറുള്ളത്. എന്നാൽ, ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ അഞ്ചാമനായാണ് ധോണി ക്രീസിലെത്തിയത്.