വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് റിലീസ് ചെയ്യാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ പ്രഖ്യാപനം വന്നത് മുതൽ ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ സിനിമക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ തുറന്നുപറയുകയാണ് വിനീത് ശ്രീനിവാസൻ. സിനിമയുടെ കഥ ഉണ്ടായ നാൾവഴികളെ കുറിച്ചാണ് വിനീത് പങ്കുവക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്.
“ഉദയനാണ് താരം എന്ന ചിത്രം കണ്ടതിന് ശേഷമാണ് സിനിമയ്‌ക്കുള്ളിലെ സിനിമയെ കുറിച്ച് ഒരു ചിത്രം ചെയ്യണമെന്ന് തോന്നിയത്. പക്ഷേ അപ്പോൾ എനിക്ക് അതിന് സാധിച്ചിരുന്നില്ല. ഉദയനാണ് താരത്തിലെ മഴയുടെ ഷൂട്ട് കാണിക്കുന്ന രംഗമുണ്ട്. അത് കണ്ടപ്പോൾ ഭയങ്കര രസമുണ്ടല്ലോ എന്ന് തോന്നി. സിനിമയുടെ പിന്നിലെ കാര്യങ്ങളൊക്കെ കാണിക്കുന്ന ചിത്രം എടുക്കണമെന്ന് കുറെ ആഗ്രഹിച്ചിരുന്നു’.
‘2022-ലാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാനായി തീരുമാനിച്ചത്. രണ്ട് സുഹൃത്തുക്കൾ സിനിമയിൽ അവസരം ചോദിച്ചു പോകുന്നത് എടുത്താലേ എന്ന് ചിന്തിച്ചിരുന്നു. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷത്തിലെത്തിയത്. അനുഭവങ്ങളിലൂടെയും യാത്രകളിലൂടെയുമാണ് കഥയെ വളർത്തിയെടുത്തത്. അച്ഛൻ പറഞ്ഞ കഥകളും മാഗസീനുകളും വായിച്ചാണ് 70 കാലഘട്ടത്തിലെ കഥ തന്നെ ചെയ്യാമെന്ന് വിചാരിച്ചത്’- വിനീത് ശ്രീനിവാസൻ പറഞ്ഞു.