ശ്രീനഗർ: സുരക്ഷാ സേനയുടെ വിവരങ്ങൾ ഭീകരർക്ക് ചോർത്തി നൽകിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ റെയ്ഡിനൊടുവിലാണ് മൂന്ന് പേരെ പിടികൂടിയത്. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വയ്ബയുമായി മൂവർക്കും ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഒവൈസ് അഹമ്മദ് വാസ, ബാസിത് ഫയാസ് കാലൂ, ഫഹീം അഹമ്മദ് മിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും 3 ഗ്രനേഡുകൾ കണ്ടെടുത്തിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.