കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കുന്നതിനായി യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. യൂറോപ്പിന്റെ പ്രോബ-3 ബഹിരാകാശ പേടകമാണ് ഇസ്രോ വിക്ഷേപിക്കുന്നത്. പേടകത്തിന്റെ സഹായത്തോടെയാകും ഈ അപൂർവ്വ പ്രതിഭാസം സൃഷ്ടിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ എത്തുന്ന വേളയിലാണ് സൂര്യഗ്രഹണം നടക്കുന്നത്. ഇത് കൃത്രിമമായി സൃഷ്ടിക്കുകയാണ് യുറോപ്യൻ സ്‌പേസ് ഏജൻസിയുടെ ദൗത്യത്തിന്റെ ലക്ഷ്യം.
ഇതിനായി രണ്ട് ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിക്കുന്നതാണ്. ഇവ സൂര്യവലയത്തോട് ചേർന്ന് നിന്നുകൊണ്ട് കൊറോണ പാളിയെക്കുറിച്ച് പഠിക്കും. 144 മീറ്റർ നീളമുള്ള സോളാർ കൊറോണഗ്രാഫ് രൂപീകരിച്ചാണ് ദൗത്യം പൂർത്തിയാക്കുക. ഇത്തരത്തിൽ ചെയ്യുന്ന ആദ്യ പേടകമാകും പ്രോബ-3. സൂര്യപ്രകാശത്തിന്റെ തീവ്രത മൂലം കൊറോണ പാളിയെ പൊതുവെ നഗ്‌നനേത്രങ്ങളാൽ കാണാൻ കഴിയില്ല. എന്നാൽ സൂര്യഗ്രഹണ സമയത്ത് ഇത് ദൃശ്യമാകാറുണ്ട്. അല്ലാത്ത വേളകളിൽ കൊറോണ പാളി നിരീക്ഷിക്കുന്നത് കൊറോണഗ്രാഫ് ഉപയോഗിച്ചാണ്.
സൂര്യനെക്കുറിച്ചും കൊറോണയെക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപഗ്രഹങ്ങൾ നേരത്തെ ഇന്ത്യ വിക്ഷേപിച്ചിരുന്നു. എന്നാൽ കൊറോണയ്‌ക്കുള്ളിൽ നിരീക്ഷിക്കാൻ പ്രയാസമുള്ള ഭാ?ഗത്തെക്കുറിച്ച് പഠനങ്ങൾ നടത്താൻ മുൻ സൗരദൗത്യങ്ങൾക്ക് സാധിച്ചിട്ടില്ല. കൊറോണ പാളിയെക്കുറിച്ച് ഇനിയും പഠനം നടത്താൻ ശേഷിക്കുന്ന ഭാ?ഗങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാൻ കൂടിയാണ് പ്രോബ-3 വിക്ഷേപിക്കു്‌നനതെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസി അറിയിച്ചു.
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ത്യയുടെ പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും പേടകം വിക്ഷേപിക്കുക. ഉയർന്ന ഭ്രമണപഥത്തിൽ പേടകങ്ങളെ എത്തിക്കുക എന്നതാണ് യൂറോപ്യൻ ഏജൻസി ലക്ഷ്യം വയ്‌ക്കുന്നത്. ഒക്കൾട്ടർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക.















