ക്രിക്കറ്റിലെ തന്റെ ഭാവിയെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിന് ശേഷം താരം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മനസ്തുറക്കൽ. രാജ്യത്തിന് വേണ്ടി കുറച്ചുനാൾ കൂടി കളിക്കാനാണ് ആഗ്രഹമെന്നും വിരമിക്കലിനെ പറ്റി ചിന്തിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു. സ്റ്റാർ സ്‌പോർട്‌സിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
വിരമിക്കലിനെ കുറിച്ച് ഞാനിതുവരെയും ആലോചിച്ചിട്ടില്ല. പക്ഷേ എന്റെ ജീവിതം എന്നെ എവിടെയെത്തിക്കുമെന്ന് എനിക്കറിയില്ല. ഇപ്പോഴും മികച്ച പ്രകടനം കാഴ്ച വയക്കാൻ സാധിക്കുന്നതിനാൽ കരിയറിൽ നിന്ന് ഉടൻ വിരമിക്കേണ്ടി വരുമെന്ന് കരുതുന്നില്ല. ഇന്ത്യക്കായി ലോകകിരീടം നേടണമെന്നാണ് എന്റെ ആഗ്രഹം. ടി20 ലോകകപ്പും 2025-ലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ കിരീടം നേടണമെന്നാണ് ആഗ്രഹം.
‘എന്നെ സംബന്ധിച്ചിടത്തോളം 50 ഓവർ ലോകകപ്പാണ് യഥാർത്ഥ ലോകകപ്പ്. ആ ലോകകപ്പ് കണ്ടാണ് ഞാൻ ഉൾപ്പെടെയുള്ള താരങ്ങൾ വളർന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ വിജയം നേടാനാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ കിരീടം നേടാനായില്ല.
സെമി ഫൈനൽ ജയിച്ചപ്പോൾ ഞാൻ കരുതിയത് ഇനി ഒരു സ്റ്റെപ്പ് കൂടി മതിയെന്നാണ്. ചില കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച പോലെയല്ല വന്നത്. മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ചവയക്കുന്നതെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഫൈനൽ മത്സരം നടന്ന ദിനം മോശം ദിവസമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അന്ന് നമ്മൾ മോശം പ്രകടനമല്ല കാഴ്ചവച്ചത്. എങ്കിലും ഓസ്‌ട്രേലിയ ഒരൽപ്പം മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്,’ രോഹിത് വ്യക്തമാക്കി.















