വാങ്കഡെയിൽ ഹിറ്റ്മാൻ മുന്നിൽ നിന്ന് നയിച്ചിട്ടും ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി. ചെന്നൈയുടെ 206 റൺസ് പിന്തുടർന്ന മുംബൈ 20 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. സ്കോർ 186/6. വമ്പൻ ടോട്ടൽ പിന്തുടർന്ന മുംബൈ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ ഇഷാൻ കിഷനും(15 പന്തിൽ 23) രോഹിത് ശർമ്മയും ചേർന്ന് 70 റൺസിന്റെ കൂട്ടുക്കെട്ട് ഉയർത്തി മികച്ച തുടക്കം നൽകി. എന്നാൽ ഒരേ ഓവറിൽ കിഷനെയും ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ (0) സൂര്യകുമാർ യാദവിനെയും മടക്കി പതിരാന ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
തിലക് വർമ്മ(31) ഒഴികെ ബാക്കിയെല്ലാവരും നിറം മങ്ങിയതോടെ സ്കോറിംഗിന്റെ ചുമതല രോഹിത്തിന് പൂർണമായും ഏറ്റെടുക്കേണ്ടിവന്നു. 63 പന്തിൽ 5 കൂറ്റൻ സിക്സറും 11 ഫോറും നേടിയ രോഹിത് 105 റൺസുമായി പുറത്താകാതെ നിന്നിട്ടും ചെന്നൈയെ മറികടക്കാനായില്ല. താരത്തിന്റെ ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ച്വറിയായിരുന്നുയിത്. പതിവ് പോലെ ഹാർദിക് പാണ്ഡ്യ(6 പന്തിൽ 2) ഇന്നും നിരാശനാക്കി. ടിം ഡേവിഡ്(13) പ്രതീക്ഷ നൽകിയെങ്കിലും മുസ്തഫിസൂറിന്റെ പന്തിൽ കൂടാരം കയറി. വമ്പനടിക്കാരൻ റൊമാരിയോ ഷെപ്പേഡിലായിരുന്നു മുംബൈയുടെ പ്രതീക്ഷ മുഴുവൻ.
പതിരാനയുടെ ഉഗ്രനൊരു യോർക്കറിൽ റൊമാരിയോയുടെ കുറ്റി തെറിച്ചു. പിന്നാലെയെത്തിയ മുഹമ്മദ് നബിക്കും(4*) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവസാന അഞ്ചോവറിൽ കണിശതയോടെ പന്തെറിഞ്ഞ ചെന്നൈ ബൗളർമാരാണ് ടീമിന് അർഹിച്ച വിജയം സമ്മാനിച്ചത്. നാലോവറിൽ 28 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത പതിരാനയാണ് ചെന്നൈയെ വീഴ്‌ത്തിയത്. തുഷാർ ദേശ് പാണ്ഡെയ്‌ക്കും മുസ്തഫിസൂറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.