അത്തം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

Published by
Janam Web Desk

2024ലെ വിഷു സംക്രമം അത്തം നക്ഷത്രക്കാർക്ക് ചില വെല്ലുവിളികളും ചില ഗുണഫലങ്ങളും കൊണ്ടുവരാൻ സാധ്യതയുണ്ട്. ചിലർക്ക് തൊഴിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തോ സമൂഹത്തിലോ മാനഹാനി നേരിടേണ്ടി വന്നേക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധാലുക്കളായിരിക്കണം. അപകട സാധ്യതകൾ ഉയർന്നിരിക്കുന്നു. ചിലർക്ക് സർക്കാർ തലത്തിൽ നിന്ന് ഗുണങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ സംബന്ധമായ യാത്രകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ശുക്രൻ ഉച്ചരാശിയിൽ നിൽക്കുന്ന അത്തം നക്ഷത്രക്കാർക്ക് ഈ വിഷുക്കാലം വളരെ അനുകൂലമായിരിക്കും. ഇവർക്ക് പ്രശസ്തി, അവാർഡ്, സമ്മാനം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ ഇവർക്ക് എല്ലാവിധ ഭാഗ്യങ്ങളും സിദ്ധിക്കാൻ സാധ്യതയുണ്ട്.

കന്നി ലഗ്നം, ചൊവ്വാഴ്ച, സപ്തമി തിഥി ഈ സംയോഗത്തിൽ അത്തം നക്ഷത്രത്തിന്റെ ഒന്നാം പാദ ത്തിൽ ജനിച്ചാൽ പിതാവിനും, രണ്ടാം പാദത്തിൽ ജനിച്ചാൽ മാതുലനും, മൂന്നാം പാദത്തിൽ ജനിച്ചാൽ കുഞ്ഞിനും, നാലാം പാദത്തിൽ ജനിച്ചാൽ അമ്മയ്‌ക്കും ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനിച്ചു 12 വയസ്സു വരെ മേൽപ്പറഞ്ഞവരുടെ ജാതകം കൂടി വിശദമായി പരിശോധിച്ച് അനുയോജ്യമായ പരിഹാരങ്ങൾ ചെയ്യണം. ദോഷം അനുഭവിക്കുന്നവർക്ക് മഹാമൃത്യുഞ്ജയ യന്ത്രം ധരിക്കുന്നത് ഉചിതമാണ്. ചില ജ്യോതിഷികൾ 18 വയസ്സ് വരെ ഈ യന്ത്രം ധരിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ജാതകത്തിൽ ചന്ദ്രന് ബലമില്ലെങ്കിൽ ജീവഹാനി ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ചന്ദ്രബലം വർദ്ധിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ ചെയ്യണം. ഓരോ മാസത്തിലും പക്കപ്പിറന്നാൾ ദിവസം കറുക ഹോമവും ആയുർസൂക്ത പുഷ്പാഞ്ജലിയും നടത്തുന്നത് ദോഷങ്ങൾ കുറയ്‌ക്കാൻ സഹായിക്കും.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ  വിശദമായി :

ഉദ്ദേശം 5 വയസ്സുവരെയുള്ള ചന്ദ്രദശാകാലത്ത് അത്തം നക്ഷത്രക്കാർക്ക് ഭക്ഷണം, ധാരാളം വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭൂമി എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അപകടങ്ങൾ ഉണ്ടായേക്കാം. കേതുവിന്റെ അപഹാരം നടക്കുന്നവർക്ക് രോഗാവസ്ഥയും തന്മൂലം ദുരിതവും നിശ്ചയം. ഈ കാലയളവിൽ മാതാപിതാക്കൾക്ക് അനാവശ്യ ചിലവുകളും മനഃക്ലേശവും ഉണ്ടാകും. ബാലാരിഷ്ടതയുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ വിഷബാധയും തന്മൂലം ദുരിതവും ഒക്കെ യുണ്ടാകാം. കൂറ് ദോഷ പരിഹാരം ചെയ്യുന്നത് നല്ലതാണ്. ബാലാരിഷ്ടതയുള്ള കുഞ്ഞുങ്ങൾക്ക് പരിഹാരം ഉചിതമായിരിക്കും.

ഉദ്ദേശം 5 മുതൽ 12 വയസ്സുവരെയുള്ള കുജദശാകാലം അനുഭവിക്കുന്ന അത്തം നക്ഷത്രക്കാർക്ക് അഗ്നി, വൈദ്യുതി എന്നിവയിൽ നിന്നും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജ്വരം, രക്ത സംബന്ധമായ രോഗങ്ങൾ, ഉയരത്തിൽ നിന്നുള്ള വീഴ്‌ച എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കുക . വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. മാതാപിതാക്കളുടെ അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ചതി വഞ്ചന ഒക്കെയും ഉണ്ടായേക്കാം. ചില കുട്ടികൾ അനാവശ്യ കൂട്ടുകെട്ടുകളിൽ ഏർപ്പെട്ടു അവിഹിതമായ ധനസമ്പാദനം നടത്താൻ സാധ്യതയുണ്ട്. ഏതൊരു കാര്യത്തിനും തടസ്സങ്ങൾ അനുഭവപ്പെടുന്നതായി കാണാം.

 ഉദ്ദേശം 12 മുതൽ 30 വയസ്സുവരെയുള്ള രാഹുദശാകാലം അനുഭവിക്കുന്ന അത്തം നക്ഷത്രക്കാർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്നും തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. തസ്കരഭയവും ആയുധങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാലിനു തകരാർ, വാതജന്യ രോഗങ്ങൾ, പിത്ത രോഗങ്ങൾ എന്നിവ വരാനും തൊഴിലിൽ സ്ഥാനഭ്രംശം ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരദേശ യാത്രകൾ മാറ്റി വയ്‌ക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും. അല്ലാത്തപക്ഷം ജീവിതപങ്കാളിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. സ്വത്തു തർക്കങ്ങൾ പറഞ്ഞു തീർക്കാത്ത പക്ഷം വ്യവഹാരങ്ങളിൽ ചെന്നെത്തിയാൽ കാലങ്ങൾ കഴിഞ്ഞാലും വിജയിക്കണം എന്നില്ല. ജാതകന്റെ അടുത്ത രക്തബന്ധങ്ങൾക്കും കഷ്ടതകൾ അനുഭവിക്കേണ്ടി വന്നേക്കാം.

ഉദ്ദേശം 30 മുതൽ 46 വയസ്സുവരെയുള്ളഗുരുദശാകാലം  അനുഭവിക്കുന്ന അത്തം നക്ഷത്രക്കാർക്ക് പൊതുവെ നല്ല ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. വിചാരിക്കുന്ന കാര്യങ്ങൾ ഒക്കെയും സാധിക്കുന്ന സമയം ആയിരിക്കും. ദാനധർമ്മങ്ങളിൽ താല്പര്യം വർദ്ധിക്കും. വിവാഹം, സന്താനലഭ്ദ്ധി എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ഉന്നതരിൽ നിന്നും അംഗീകാരം, സമ്മാനം എന്നിവ ലഭിക്കും. അപ്രതീക്ഷിതമായി ആഡംബര വാഹനങ്ങൾ സ്വന്തമായേക്കാം. തൊഴിൽ സംബന്ധമായ പരീക്ഷയിലും അഭിമുഖങ്ങളിലും വിജയം സുനിശ്ചിതം. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം മറ്റാനുകൂല്യങ്ങളും ഒക്കെ നേടും.രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക് ജനപ്രീതിയും കീർത്തിയും നേടിയെടുക്കാൻ സാധിക്കും.

ഉദ്ദേശം 46 മുതൽ 65 വയസ്സുവരെയുള്ള ശനിദശാകാലം അനുഭവിക്കുന്ന അത്തം നക്ഷത്രക്കാർക്ക് വ്യക്തികൾക്ക് നല്ലതും ചീത്തയുമായ ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. .തുലാം രാശിയിൽ ഉള്ള ശനി അഭിവൃദ്ധി നൽകും. ശുഭ ഗ്രഹങ്ങളുമായി ശനിക്ക് ബന്ധമുണ്ടെങ്കിൽ നല്ല ഫലങ്ങൾ ലഭിക്കും. മേടം രാശിയിൽ നിൽക്കുന്ന ശനി അനാവശ്യ കൂട്ടുകെട്ടിൽ കൊണ്ടെത്തിച്ചു ധന നഷ്ടം, മാനഹാനി ഒക്കെയും അനുഭവത്തിൽ വരുത്തും. ശനിയുടെ ജന്മരാശിയിലെ സ്ഥാനം ഈ ദശയുടെ ഫലത്തെ കാര്യമായി സ്വാധീനിക്കും. ശനിക്ക് ദോഷകരമായ സ്ഥാനം, ദുർബലത എന്നിവ ഉണ്ടെങ്കിൽ ദോഷഫലങ്ങൾ വർദ്ധിക്കും. അഗ്നിമാരുത യോഗം ഉള്ള ജാതകാർക്ക് ശുഭാശുഭങ്ങൾ മാറി മറിഞ്ഞു വന്നു കൊണ്ടിരിക്കും. തസ്കരന്മാരിൽ നിന്നോ ശത്രുക്കളിൽ നിന്നോ ആക്രമണം ഉണ്ടാകും. അഗ്നിയിൽ നിന്നും കാറ്റിൽ നിന്നും അപകടങ്ങളോ നഷ്ടങ്ങളോ സംഭവിക്കും. പഴേ വീടുകളിൽ താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളെ കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിക്കും. കുടുംബത്തിൽ ഉണ്ടാകുന്ന സർപ്പഭയം ജാതകന് ദോഷം ചെയ്യും.

2024 മെയ് മാസത്തിലെ വ്യാഴം രാശിമാറ്റം ധാരാളം ഭാഗ്യങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. സന്താനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും അവരുടെ വിജയങ്ങളിൽ സന്തോഷിക്കാനും കഴിയും. ധനം സമ്പാദിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും. തൊഴിലിൽ പുരോഗതിയും വിജയവും പ്രതീക്ഷിക്കാം. പുതിയ തൊഴിലവസരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. 2025 ൽ ശനി രാശി മാറുന്നത് ചില വെല്ലുവിളികൾ ഉണ്ടാകും. പ്രത്യേകിച്ച് ജീവിത പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങളോ മറ്റ് പ്രതിസന്ധികളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവർക്ക് നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്.

അത്തം നക്ഷത്രക്കാർക്ക് ശനി, കേതു, രാഹു ദശാകാലങ്ങളിൽ ദോഷങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചന്ദ്രനും ബുധനും അത്തം നക്ഷത്രത്തിന് അനുകൂല ഗ്രഹങ്ങളാണ്. അതിനാൽ ഈ ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യണം. തിങ്കളാഴ്ചകളിൽ വെള്ള വസ്ത്രം ധരിച്ച്, ശിവ ക്ഷേത്ര ദർശനം നടത്തുക, ചന്ദ്രമന്ത്രം ജപിക്കുക, അരിപ്പായസം നേദിക്കുക. ബുധനാഴ്ചകളിൽ പച്ച വസ്ത്രം ധരിച്ച്, വിഷ്ണു ക്ഷേത്ര ദർശനം നടത്തുക, ബുധമന്ത്രം ജപിക്കുക, പയർവർഗ്ഗങ്ങൾ ദാനം ചെയ്യുക. താമസിക്കുന്നതിന്റെ അടുത്തുള്ള ദുർഗ്ഗാ ക്ഷേത്രത്തിൽ സ്ഥിരമായി സന്ദർശിക്കുകയും ദുർഗ്ഗാ ദേവിയെ ആരാധിക്കുകയും ചെയ്യുക. പൗർണ്ണമി ദിനങ്ങളിൽ ഉപവാസം അനുഷ്ഠിക്കുന്നത് ഗുണഫലങ്ങൾ നൽകും. രോഹിണി, തിരുവോണം, അത്തം നക്ഷത്ര ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക. പ്രത്യേകിച്ച് ദുർഗ്ഗാ ക്ഷേത്രം, ദുർഗ്ഗാദേവിക്ക് പുറമെ ഗണേശനെയും സൂര്യദേവനെയും ശ്രീകൃഷ്ണനെയും ആരാധിക്കുക. വെള്ള, മഞ്ഞ, പച്ച നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരും. തിങ്കളാഴ്ച അത്തം നക്ഷത്രം വരുന്ന ദിവസം നെയ്യ് വിളക്ക് കത്തിച്ച്, ദുർഗ്ഗാ ദേവിയെ ധ്യാനിച്ച് പ്രാർത്ഥിക്കുകയും ദക്ഷിണ നൽകുകയും ചെയ്യുക.

 

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് ഈ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Share
Leave a Comment