ലോക ടി20 ചരിത്രത്തിൽ ഏറ്റവും അധികം റൺസ് പിറന്ന മത്സരത്തിൽ ആർ.സി.ബിക്ക് തോൽവി. 287 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 25 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. അവസാന ഓവർ വരെ പോരാടിയ ദിനേശ് കാർത്തിക്കാണ് ആർ.സി.ബിയെ വലിയൊരു നാണക്കേടിൽ നിന്ന് കരകയറ്റിയത്. രണ്ടു ഇന്നിംഗ്സിലുമായി പിറന്നത് 549 റൺസാണ്.
പവർ പ്ലേയിൽ 80 റൺസ് കൂട്ടുക്കെട്ടുണ്ടാക്കിയ വിരാട്-ഡുപ്ലെസി സഖ്യം വലിയ പ്രതീക്ഷയാണ് ആരാധകർ നൽകിയത്. എന്നാൽ സ്പിന്നർ മാർക്കണ്ടേ നിർണായക പാർടണർഷിപ്പ് പൊളിച്ച് ആദ്യ വെടി പൊട്ടിച്ചു. 20 പന്തിൽ 42 റൺസെടുത്ത കോലി ബൗൾഡായി. തൊട്ടുപിന്നാലെ വിൽ ജാക്സ് (7)റണ്ണൗട്ടായതും വഴിത്തിരിവായി. രജത് പാട്ടിദാർ(9) പതിവ് പോലെ നിരാശനാക്കി. സൗരവ് ചൗഹാനും(0) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ക്യാപ്റ്റൻ ഡുപ്ലെസി 28 പന്തിൽ 62 റൺസെടുത്ത് പുറത്തായി.
നന്നായി തുടങ്ങിയ ആർ.സി.ബിയെ പിടിച്ചു കെട്ടിയത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ നീക്കങ്ങളാണ്. മൂന്നു വിക്കറ്റുമായി ആർ.സി.ബിയുടെ തകർച്ചയ്‌ക്ക് വേഗത കൂട്ടിയതും കമ്മിൻസായിരുന്നു. 35 പന്തിൽ 7 കൂറ്റൻ സിക്സറുകളുടെയും 5 ഫോറിന്റെയും അകമ്പടിയിലാണ് കാർത്തിക് 83 റൺസ് നേടിയത്. മഹിപാൽ ലോംറോർ (19) എന്നിവരാണ് പുറത്തായ ബാറ്റർമാർ. അനുജ് റാവത്ത്(25) വൈശാഖ് വിജയകുമാർ(1) എന്നിവർ പുറത്താവാതെ നിന്നു. നാലോവറിൽ 60 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിലെ ചെണ്ട.