അവിട്ടം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

Published by
Janam Web Desk

മേടവിഷു സംക്രമം അവിട്ടം നക്ഷത്രക്കാർക്ക് ചില സമ്മിമിശ്ര ഫലങ്ങൾ നൽകും . ആരോഗ്യം, സാമ്പത്തികം, കരിയർ, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതായി വരും. ത്വക്ക് രോഗങ്ങൾ, അലർജി, ഗർഭാശായ രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാം. അഗ്നി, ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. ധനനഷ്ടം സംഭവിക്കാം. അന്യസ്ത്രീകൾ മുഖാന്തരം അപമാനം നേരിടാം. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കുക. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നേക്കാം. ബിസിനസ്സുകാർക്ക് പ്രതികൂല സമയം ആയിരിക്കും. സർക്കാർ ജോലി തേടുന്നവർക്ക് അനുകൂല സമയം ആയിരിക്കും. ശത്രുക്കൾ സുഹൃത്തുക്കളാകാം. പക്ഷെ നമ്പരുത്. കുടുംബാംഗങ്ങളിൽ നിന്നും സഹായവും സഹകരണവും ലഭിക്കും. ഉദ്യോഗസ്ഥർക്ക് അതൃപ്തി അനുഭവപ്പെടാം. അനർഹർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വിഷമിപ്പിക്കും. ഏജൻസി വ്യാപാരം പുഷ്ടിപ്പെടും. ചെറുകിട വ്യവസായങ്ങളിൽ നേട്ടം ഉണ്ടാകും. യാത്രാസംബന്ധമായ തൊഴിലുകാർക്ക് ഗുണം ലഭിക്കും. ദിവസ വേതനക്കാർക്ക് തൊഴിൽ സ്ഥിരത ലഭിക്കും. മേടവിഷു സംക്രമം അവിട്ടം നക്ഷത്രക്കാർക്ക് വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ ഒരു കാലമായിരിക്കും. ശ്രദ്ധയോടെയും ജാഗ്രതയോടെയും കാര്യങ്ങൾ നേരിട്ടാൽ ഈ സമയം നിങ്ങൾക്ക് ഗുണകരമായി മാറും.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി

ഉദ്ദേശം മൂന്നര വയസ്സുവരെയുള്ള ചൊവ്വാദശയിൽ ചൊവ്വയുടെ സ്വപഹാരം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഗുണദോഷഫലങ്ങൾ നൽകും. മാതാപിതാക്കൾക്ക് കൃഷിയിൽ നേട്ടം ലഭിക്കും, അതുവഴി സാമ്പത്തിക നേട്ടവും ഉണ്ടാകും. പുതിയ ഭൂമി ലഭിക്കാൻ സാധ്യതയുണ്ട്.വീട്ടിലെ മുതിർന്നവർക്ക് സർക്കാർ തലത്തിൽ ഗുണാനുഭവം ലഭിക്കും. വീട്ടിൽ പുതിയ അതിഥിയുടെ ജനനം സംഭവിക്കാം. ചൊവ്വ അനിഷ്ട സ്ഥാനത്താണെങ്കിൽ, മാതാപിതാക്കൾക്ക് വ്യവഹാര കാര്യങ്ങളിൽ തോൽവി സംഭവിക്കാം.ഭൂമി നഷ്ടം, അഗ്നിഭയം, സ്ഥാനനഷ്ടം, കാര്യതടസ്സം എന്നിവ ഉണ്ടാകാം. ജാതകന് അപസ്മാരം, ജ്വരം, അപകടങ്ങൾ, ഒടിവ്, ചതവ് എന്നിവ സംഭവിക്കാം.

ഉദ്ദേശം 21 വയസു വരെയുള്ള രാഹുർ ദശയിൽ വിദ്യാഭ്യാസ കാര്യങ്ങളിൽ ഒരു വഴിത്തിരിവ് ഉണ്ടാകും. ചിലർക്ക് എൻജിനീയറിങ് പഠനത്തിൽ മികച്ച വിജയം നേടാൻ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വലിയ ധനലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശയാത്ര നടത്താൻ സാധ്യതയുണ്ട്. വിദേശത്ത് സ്ഥിരതാമസം ഉറപ്പിക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. രാഹു അനുകൂലമല്ലെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകും മാനസിക വിഭ്രാന്തി, സുഹൃത്തുക്കളുമായി വഴക്ക്, വിഷഭയം, ജലഭയം എന്നിവ അനുഭവപ്പെടാം. സ്വന്തം ആളുകളുമായുള്ള ബന്ധം വഷളാകാൻ സാധ്യതയുണ്ട്. ആത്മഹത്യ ചെയ്യുന്ന പ്രവണത ഉണ്ടാകാം. മോശം കൂട്ടുകെട്ടിൽ ചെന്നുചാടാനുള്ള സാധ്യതയുണ്ട്. ശരിയും തെറ്റും വേർതിരിക്കാൻ കഴിയാതെ ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെടാം. ബലഹീനത, ആസ്ത്മ, മൂത്രസംബന്ധമായ അസുഖങ്ങൾ, ചുമ എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉറ്റസുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്.

38 വയസു വരെയുള്ള വ്യാഴ ദശയിൽ വിവാഹം നടക്കാൻ യോഗമുണ്ട്. വിവാഹിതരായ ദമ്പതികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കും. വ്യാഴത്തിന്റെ സ്വാപഹാരത്തിൽ വ്യാഴം കേന്ദ്ര ഭാവങ്ങളിൽ നിൽക്കുന്ന വ്യക്തിക്ക് ശരീരസൗന്ദര്യം വർദ്ധിക്കുകയും ശരീരത്തിന് തേജസ്സും ആരോഗ്യവും ആകർഷണതയും ഉണ്ടാവും. ധനനേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ വീടും വാഹനവും വാങ്ങാൻ സാധിക്കും. ഈശ്വരവിശ്വാസം വർദ്ധിക്കും. ആചാരാനുഷ്ഠാനങ്ങളിൽ താൽപ്പര്യം കാണിക്കും. ശ്രേഷ്ഠ വ്യക്തികളിൽ നിന്ന് ഗുണഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സത്പുത്രഭാഗ്യം ഉണ്ടാകും. വ്യാഴം അനുകൂലമല്ലെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മനോദുഃഖം, കുടുംബ ബന്ധു ജനങ്ങളെയും അന്യ ജനങ്ങളെയും കൊണ്ട് ദോഷാനുഭവങ്ങൾ, ഭാര്യാ പുത്രവിയോഗം, പ്രമേഹം, സ്ഥാനഭ്രംശം എന്നിവ സംഭവിക്കാം. വ്യാഴദശയിലെ ശനി യുടെ അപഹാരത്തിൽ വ്യാഴവും ശനിയും അനുകൂലരായാൽ സ്ത്രീകൾ മൂലം അല്ലെങ്കിൽ വിവാഹ മൂലം ധനലാഭവും ഗുണഫലങ്ങളും ഉണ്ടാകും. എന്നാൽ ശനി പ്രതികൂല സ്ഥാനത്ത് ആണെങ്കിൽ സ്ത്രീ മൂലം മാനഹാനി, മദ്യാസക്തി, ശ്വാസകോശ രോഗങ്ങൾ, ബിസിനസ്സിൽ തൊഴിലാളികൾ മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകാം. വ്യാഴദശയിൽ ബുധന്റെ അപഹാരത്തിൽ വിദ്യാഭ്യാസപരമായി പുരോഗതി, ആചാരാനുഷ്ഠാനങ്ങളിൽ പ്രത്യേകിച്ച് പൂജ കർമ്മങ്ങളിൽ പഠിക്കുവാനുള്ള കഴിവ് അതുവഴി ശോഭിക്കുകയും ചെയ്യും. സത്സുഹൃത്തുക്കൾ ഉണ്ടാവുക, പ്രശസ്തി, ബന്ധുജനങ്ങളിൽ നിന്നും ഗുണ അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. എന്നാൽ ബുധൻ അനുകൂല സ്ഥാനത്ത് അല്ലെങ്കിൽ വിവാഹ തടസ്സം, ചൂതുകളി, ചീട്ടുകളി മുതലായവയിൽ കൂടി ധനനഷ്ടം, വാത പിത്ത കഫ രോഗങ്ങൾ, ഒന്നിലും ഉത്സാഹം ഇല്ലായ്മ എന്നിവ സംഭവിക്കും. വ്യാഴ ദശയിൽ കേതുവിന്റെ അപഹാരത്തിൽ പിതാവിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സ്വത്ത് ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കും. ഈശ്വരാധീനം വർദ്ധിക്കും. കേതു അനിഷ്ട സ്ഥാനത്ത് ആണെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധു വിയോഗം, തസ്കര ഭയം, വിഷഭയം, ഗുരു ജനങ്ങൾക്ക് ആപത്ത്, ഭാര്യ മൂലം ദോഷാനുഭവങ്ങൾ, സുഹൃത്തുക്കൾക്ക് കാലം മോശം, അപകടങ്ങൾ, വ്രണങ്ങൾ എന്നിവ വരാൻ സാധ്യതയുണ്ട്. ശുക്രന്റെ സ്ഥാനം പ്രതികൂലമാണെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കിഡ്നിയിൽ കല്ല്, പ്രമേഹം, അന്യസ്ത്രീ ബന്ധം, കുടുംബ ബന്ധുജനങ്ങളുമായി കലഹം, ശിക്ഷ/ ബന്ധനങ്ങൾ ഈ കാലയളവിൽ സാധ്യതയുണ്ട്.

56 വയസു വരെയുള്ള ശനി ദശയിൽ ശനിയുടെ സ്വാപഹാരത്തിൽ ലോഹ സംബന്ധമായ പ്രവർത്തികളിൽ വിജയം നേടാൻ സാധ്യതയുണ്ട്. തൊഴിൽ നേട്ടങ്ങളും ധനലാഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. കൃഷിയിലൂടെ ധനലാഭം, പക്ഷി മൃഗാദികളെ വളർത്തുന്നതിലൂടെ ധനലാഭം, യാത്രാ വിജയം ഉണ്ടാകാൻ സാധ്യതയുണ്ട്. ശനി അനുകൂലമല്ലെങ്കിൽ ദേശാന്തരഗമനം, വാത രോഗങ്ങൾ, ആരോഗ്യം ക്ഷയിക്കുക, അഗ്നിഭയം, വ്യവഹാര പരാജയം, കാൽപാദങ്ങളിൽ ക്ഷതങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവ സാധ്യത. ശനിദശയിൽ ബുധന്റെ അപഹാരത്തിൽ വിദ്യാഭ്യാസപരമായി വിദേശരാജ്യങ്ങളിൽ വാസത്തിനുള്ള യോഗമുണ്ട്. സുഹൃത്തുക്കളിൽ നിന്നും വളരെയധികം ഗുണാനുഭവങ്ങൾ ഉണ്ടാകും. തീർത്ഥയാത്ര നടത്താനും പൂജാ കാര്യങ്ങളിലും താൽപര്യം വർദ്ധിക്കും. സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകുന്ന സമയമാണ്. ബുധൻ പ്രതികൂലം ആണെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് മോശം അവസ്ഥയായിരിക്കും. നാഡീരോഗങ്ങൾ, മാനസികരോഗങ്ങൾ എന്നിവ ഉണ്ടാകും. പലതരത്തിലുള്ള അപവാദങ്ങൾ കേൾക്കേണ്ടിവരും.

74 വയസ്സുവരെ നീണ്ടുനിൽക്കുന്ന ബുധദശ, പലപ്പോഴും ‘ദൈവത്തിന്റെ ദൂതൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധഗ്രഹത്തിന്റെ സ്വാധീനം ഏറ്റുവാങ്ങുന്ന ഒരു പ്രധാന ജീവിത കാലഘട്ടമാണ്. വിജ്ഞാനം നേടുന്നതിനും സർഗ്ഗാത്മക ജിജ്ഞാസ വളർത്തുന്നതിനും ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പ്രാധാന്യം നൽകണം. ജാതകത്തിൽ ബുധൻ ശക്തനാണെങ്കിൽ, സാഹിത്യം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ താൽപ്പര്യവും അഭിരുചിയും ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സിൽ നിരവധി പുതിയ ആശയങ്ങൾ ഉടലെടുക്കുകയും, അവ നല്ല ഫലങ്ങളിലേക്ക് നയിക്കുകയും തൊഴിൽ, ബിസിനസ്സ് മേഖലകളിൽ ഉയർച്ചയ്‌ക്ക് വഴി ഒരുക്കുകയും ചെയ്യും. ബുധദശയിൽ, ഓർമ്മശക്തി, വിശകലനാത്മക ചിന്ത, സർഗ്ഗാത്മകത എന്നിവ ആവശ്യമുള്ള ഏത് മേഖലയും നല്ലൊരു തൊഴിൽ തിരഞ്ഞെടുപ്പായിരിക്കും. ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്ന നിരവധി അവസരങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്. ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ഏർപ്പെടാനുള്ള പ്രവണതയും വർദ്ധിക്കും. അതിനാൽ, പുതിയ സംരംഭങ്ങൾ ആരംഭിക്കാനോ ഗൗരവമായ വിനോദങ്ങൾ ഏറ്റെടുക്കാനോ ഈ ദശ അനുകൂലമാണ്. ബുധ ദശയിൽ, നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ജോലിയിൽ പുരോഗതി നേടാനും കഠിനാധ്വാനം ചെയ്യാൻ പ്രചോദനം ലഭിക്കും. യുക്തിസഹവും വിശകലനാത്മകവുമായ ചിന്ത ഈ കാലഘട്ടത്തിൽ ജീവിതത്തിൽ കാര്യമായ പുരോഗതിക്ക് വഴിയൊരുക്കും. എന്നാൽ, ഈ ദശയിൽ മനസ്സിനെ ബാധിക്കുന്ന ചില പ്രശ്നങ്ങളും നാഡീവൈകല്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം, മനസ്സ്, തലച്ചോറ്, നാഡികൾ, സംസാരം എന്നിവയെ ഭരിക്കുന്നത് ബുധഗ്രഹമാണ്. ഓർമ്മശക്തി നഷ്ടപ്പെടാനും അതുമായി ബന്ധപ്പെട്ട കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

2024 മെയ് മാസത്തിലെ വ്യാഴമാറ്റം അവിട്ടം നക്ഷത്ര കുംഭ കൂറുകാർക്ക് യാത്രാക്ലേശവും അപകടസാധ്യതയും വർദ്ധിക്കും. യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മകരകൂറുകാർക്ക് കുടുംബത്തിൽ സന്തോഷവും അഭിവൃദ്ധിയും നിറഞ്ഞതായിരിക്കും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണിത്. 2025 ലെ ശനിമാറ്റം കുംഭ കൂറുകാർക്ക് ഏഴരശ്ശനിക്കാർക്ക് കാഠിന്യം കുറയുന്ന ഒരു നല്ല വർഷമായിരിക്കും ഇത് ബുദ്ധിമുട്ടുകൾക്ക് ശമനവും ജീവിതത്തിൽ പുരോഗതിയും പ്രതീക്ഷിക്കാം. മകരകൂറുകാർക്ക് ഏഴരശ്ശനി അവസാനിക്കുന്ന വർഷമാണിത്. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ കുറയുകയും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കാലഘട്ടം ആരംഭിക്കുകയും ചെയ്യും.

ബുധ, വ്യാഴം, ശുക്ര ദശകൾ അവിട്ടം നക്ഷത്രക്കാർക്ക് ദോഷകരമായി കണക്കാക്കപ്പെടുന്നു. ഈ ദശകളിൽ ചില ദോഷപരിഹാരങ്ങൾ ചെയ്യുന്നത് ദോഷഫലങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. അവിട്ടം, മകയിരം, ചിത്തിര നക്ഷത്രദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക. പ്രത്യേകിച്ചും ശ്രീപാർവതി, മഹാവിഷ്ണു, ഗണേശ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് നല്ലതാണ്. ചൊവ്വയുടെ സ്ഥാനം അനുസരിച്ച് സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിക്കുക. നവഗ്രഹങ്ങളിൽ ബുധനും ശനിയും ദോഷം ചെയ്യുന്നതിനാൽ അവരുടെ പ്രീതിക്കായി പ്രാർത്ഥിക്കുക. അവയുടെ ഉപദേവതകളായ വിഷ്ണു, ഗണേശൻ, ബ്രഹ്മാവ്, ലക്ഷ്മീദേവി, സരസ്വതി എന്നിവരോടൊപ്പം ആരാധിക്കുക. ശനിയാഴ്ചകളിൽ ഒരിക്കൽ എടുക്കുക . ചുവപ്പ്, കടും നീല, കറുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമാണ്.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

Share
Leave a Comment