പൂരുരുട്ടാതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

Published by
Janam Web Desk

മേട വിഷു സംക്രമം ഐശ്വര്യവും സുരക്ഷിതത്വവും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് സമ്മാനിക്കും. കുടുംബത്തിൽ സന്തോഷവും, സൗഖ്യവും, സമൂഹത്തിൽ പ്രതാപവും, എവിടെയും ബഹുമാനവും, സൽസുഹൃത്തുക്കളും ഉണ്ടാകും. അവർ വഴി പല ഗുണങ്ങളും അനുഭവത്തിൽ വരും. ചില തെറ്റുകൾ സ്വയം മനസിലാക്കി അത് തിരുത്തുവാൻ ഉള്ള അവസരം കൈവരും. പൊതുപ്രവർത്തകർക്ക് അധികാര പ്രാപ്തി ഉള്ള സ്ഥാനങ്ങൾ ലഭിക്കും. തിരഞ്ഞെടുപ്പിൽ വിജയിക്കും. മീന കൂറുകാർക്ക് ധനപരമായി നേട്ടമുണ്ടാകും. എന്നാൽ കുംഭക്കൂറുകാർക്ക് അത്ര നല്ല ഫലമല്ല. മീനക്കൂറിലുളളവർക്ക് കർമ്മത്തിൽ ഗുണമുണ്ടാകും. സ്ഥാനമാനം ലഭിയ്‌ക്കും, കുടുംബത്തിൽ സുഖമുണ്ടാകും. ബിസിനസുകാർക്ക് നേട്ടമുണ്ടാകും. മേലാധികാരികളിൽ നിന്നും പ്രശംസ നേടും. അധികാരലബ്ധിയുണ്ടാകും. ന്യായമായ ആഗ്രഹങ്ങൾ നിറവേററ്റാനാവും. അറിവ് സമ്പാദിക്കുന്നതിൽ ശുഷ്കാന്തി കാട്ടും. വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കുന്നതാണ്. സക്രിയമായ പ്രവർത്തനത്തിലൂടെ തൊഴിലിടത്തിൽ ആധിപത്യം നേടിയെടുക്കും. സുഹൃത്തുക്കളുടെ സമയോചിത സഹായം പ്രതീക്ഷിക്കാം. സഹോദരരുമായി ഒത്തുചേർന്ന് കരാർ പണികളോ ബിസിനസ്സോ ആരംഭിക്കാനിടയുണ്ട്. പണയത്തിൽ വെച്ച ഭാര്യയുടെ ഉരുപ്പടികൾ മടക്കിയെടുക്കാനാവും. വസ്തുവില്പനയിൽ കാലവിളംബം വരാം.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി

ഏകദേശം എട്ടാം വയസ്സുവരെ നീണ്ടുനിൽക്കുന്ന വ്യാഴദശ നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും നിറയ്‌ക്കുന്ന സമയമായിരിക്കും. ഈ ദശയിൽ, നിങ്ങളുടെ മാതാപിതാക്കൾക്ക് സമ്പാദ്യം നേടാനും സാമ്പത്തികമായി ഉയർന്നുവരാനും അനുകൂലമായ അവസരങ്ങൾ ലഭിക്കും. ദൈവത്തിന്റെ അനുഗ്രഹം നിങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നതിനാൽ, ഒരു യാചകനുപോലും രാജാവായി മാറാൻ സാധ്യതയുള്ള ഒരു അസാധാരണ സാഹചര്യം ഉണ്ടാകാം. വ്യാഴം ഉച്ചരാശിയായ കർക്കടകത്തിൽ സ്ഥിതി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പിതാവോ പിതൃബന്ധുക്കളോ വിദേശത്തും ബിസിനസ്സിലും പേരും പ്രശസ്തിയും നേടാനും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കാനും സാധ്യതയുണ്ട്. പുതിയ വീട്, ആഭരണങ്ങൾ, ധനലാഭം, വാഹന സൗകര്യം, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും പുതിയ നേട്ടങ്ങൾ കൈവരിക്കാൻ അവർ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. ഗുരു സ്ഥാനത്തുള്ള വ്യക്തികളിൽ നിന്ന് അറിവ് നേടാനുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ പിതാവ് നിങ്ങളോട് വളരെയധികം സ്നേഹവും വാത്സല്യവും കാണിക്കും.

ഏകദേശം 27 വയസ്സുവരെ നീണ്ടുനിൽക്കുന്ന ശനിദശ നിങ്ങളുടെ ജീവിതത്തിൽ വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടം, അപവാദങ്ങൾ, രോഗങ്ങൾ, അനാവശ്യമായ കേസുകൾ എന്നിവ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം ചില ഗുണങ്ങളും ലഭിക്കും. അന്യജാതിക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്. വിദേശയാത്ര നടത്താനും അതുവഴി ധനസമ്പാദനം നടത്താനും അവസരം ലഭിക്കും. കലാകാരന്മാർക്കും കായികതാരങ്ങൾക്കും ഈ ദശയിൽ പേരും പ്രശസ്തിയും ധനനേട്ടവും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്: കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ചിലർക്ക് വിവാഹമോചനം വരെ നടക്കാനും സാധ്യതയുണ്ട്. തനിക്കോ കുടുംബാംഗങ്ങൾക്കോ വാതരോഗം പോലുള്ള രോഗങ്ങൾ മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. ചിലർക്ക് വാഹനങ്ങൾ മൂലം സാമ്പത്തിക നഷ്ടവും അംഗവൈകല്യവും സംഭവിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ മുമ്പിൽ തുറന്ന പെരുമാറ്റം പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. പലരും നിങ്ങളെ അഹങ്കാരിയായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഭരണാധികാരികളുമായി അനാവശ്യമായി ഇടപെടുകയോ അന്യായ കാര്യങ്ങൾക്ക് കൂട്ടുനിൽക്കുകയോ ചെയ്താൽ പേരുദോഷം സംഭവിക്കാൻ സാധ്യതയുണ്ട്.

 44വയസ്സുവരെ നീണ്ടുനിൽക്കുന്ന ബുധദശാ കാലം വളരെയധികം പ്രോത്സാഹനവും അംഗീകാരവും നൽകുന്നതായിരിക്കും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളിൽ നിന്ന് ആദരവ് ലഭിക്കുകയും തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെ പ്രീതിക്ക് പാത്രമാകുകയും ചെയ്യും. തൊഴിലിൽ സ്ഥാനക്കയറ്റമോ, ശമ്പള വർദ്ധനവോ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ഈ കാലഘട്ടത്തിൽ നിർബന്ധബുദ്ധിയും പിടിവാശിയും ഉപേക്ഷിച്ചില്ലെങ്കിൽ വളരെ വലിയ ദുഃഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുംഭക്കാർക്ക് ഈ സമയത്ത് ഏഴരശ്ശനി നടക്കുന്നതിനാൽ അടുത്ത വർഷം മാർച്ച് മാസം വരെ കുടുംബകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതാണ്. മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും രോഗാവസ്ഥ, മറ്റു പ്രശ്നങ്ങൾ ഒക്കെ വന്നു ചേരാൻ ഇടയുള്ളതിനാൽ അവരെ വളരെയേറെ കരുതലോടെ സംരക്ഷിക്കേണ്ടതാണ്. ചിലരുടെ ജീവിതത്തിൽ ഈ സമയത്ത് വിവാഹമോചനം വരെ നടക്കാം. ഈ ദോഷങ്ങൾക്ക് പരിഹാരമായി പച്ച നിറത്തിലുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും, മറ്റുള്ളവർക്ക് ദാനം നൽകുന്നതും നല്ലതാണ്. വിദ്യാഗുണം ഏറ്റവും അനുഭവത്തിൽ വരുന്ന കാലമായതിനാൽ ഉന്നത പഠന സ്വപ്നം ഉള്ളവർ ഈ സമയത്തിന്റെ ആനുകൂല്യം നേടിയെടുക്കണം. ഈ കാലയളവിൽ വിദ്യാപരമായി ചെയ്യുന്നതെന്തും ശിഷ്ട കാലത്തേക്കുള്ള കരുതിവയ്‌ക്കലായിരിക്കും.

51 വയസ്സുവരെ നീണ്ടുനിൽക്കുന്ന കേതു ദശാ കാലം വ്യക്തിയുടെ ജീവിതത്തിൽ പല പ്രധാന മാറ്റങ്ങൾ കൊണ്ടുവരും. കേതു ഒരു ആത്മീയ ഗ്രഹമായതിനാൽ, ഈ കാലഘട്ടത്തിൽ വ്യക്തിക്ക് ആത്മീയതയിൽ കൂടുതൽ താൽപ്പര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർ സന്യാസ ജീവിതം നയിക്കാൻ തീരുമാനിക്കാം. ഈ ദശാകാലത്ത് ദാമ്പത്യ ജീവിതം വെല്ലുവിളി നിറഞ്ഞതായിരിക്കും 7 വർഷം നീണ്ടുനിൽക്കുന്ന കേതുദശയിൽ, ദാമ്പത്യജീവിതം നയിക്കാൻ വ്യക്തിക്ക് വലിയ താല്പര്യം കാണിക്കില്ല. വിവാഹിതരാണെങ്കിലും, ഇണയിൽ നിന്ന് വളരെ അകന്നു നിൽക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത് വലിയ മാനസിക അസ്വസ്ഥതയും സമ്മർദ്ദവും അനുഭവപ്പെടാം. ഇത് ഉദരസംബന്ധമായും നേത്രസംബന്ധമായും രോഗങ്ങൾക്ക് കാരണമാകും. ചിലർ വർഗീയ പ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, ഈ ഘട്ടം നിങ്ങൾക്ക് വളരെ ഉയർന്ന ആന്തരിക ശക്തി നൽകുന്നു. ചിലർ ഭൗതികമായ ആഡംബരങ്ങൾ ഉപേക്ഷിച്ച് ഗാർഹിക ജീവിതത്തിലും ചുറ്റുമുള്ള ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ തുടങ്ങും. ഈ ദശാകാലത്ത് വൈകാരിക പ്രശ്‌നങ്ങൾക്കും പൊട്ടിത്തെറി മാനസിക പിരിമുറുക്കത്തിനും ഇടയാക്കും. അടിസ്ഥാനരഹിതവും തെറ്റായതുമായ തീരുമാനങ്ങൾ എടുക്കുന്ന ധാരാളം സാഹചര്യങ്ങൾ ഉണ്ടാകും. ലളിതമായ സാഹചര്യങ്ങളിൽ പോലും ആശയക്കുഴപ്പം അനുഭവപ്പെടാം. അനാവശ്യമായ സാഹചര്യങ്ങളും വിശദീകരിക്കാനാകാത്ത യുക്തിരഹിതമായ പെരുമാറ്റവും ഉണ്ടായേക്കാം. എന്നാൽ, അന്വേഷണ ഗവേഷണ സ്വഭാവമുള്ള തൊഴിൽ ചെയ്യുന്ന അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, സർജൻ, ഡോക്ടർമാർ, എൻജിനിയർ തുടങ്ങിയവർക്ക് പേരും പെരുമയും തെളിയിക്കാൻ ഉള്ള അവസരങ്ങൾ വന്നു ചേരും. അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് യാതൊരു കാരണവും ഇല്ലാതെ അപവാദങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്. അതിനാൽ വളരെ ജാഗ്രത പുലർത്തേണ്ടതാണ്. ചിലർക്ക് അന്യദേശവാസവും അതിൽ നിന്നും കാര്യലാഭവും ഉണ്ടായേക്കാം. ചിലരുടെ ജീവിതത്തിൽ സന്താന വൈക്ലബ്യം അനുഭവത്തിൽ വരുന്ന കാലം കൂടിയാണ്. തസ്കരഭയം, അഗ്നിഭയം, സർപ്പദംശനം ഒക്കെയും ഈ കാലയളവിൽ ഉണ്ടായേക്കാം. ജോതിഷകരെ സംബന്ധിച്ചു പേരും പെരുമയും ഉണ്ടാകും.

71 വയസ്സുവരെയുള്ള ശുക്രദശാ കാലം വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സൗന്ദര്യവും നിറഞ്ഞതായിരിക്കും. ശുക്രൻ സ്നേഹം, സൗന്ദര്യം, അനുകമ്പ, ആഡംബരങ്ങൾ, ജീവിതത്തിലെ ആസ്വാദനം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ദശയിൽ നിങ്ങളുടെ ജീവിതം ഈ ഗുണങ്ങളാൽ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഇന്ദ്രിയങ്ങൾ എപ്പോഴും സജീവമായിരിക്കും, ജീവിതത്തിൽ സന്തോഷം എത്ര പ്രധാനമാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. എന്നാൽ, ശ്രദ്ധിക്കേണ്ട കാര്യം, ആഡംബര ജീവിതം ശുക്രന്റെ മറ്റൊരു പ്രതീകാത്മക ഘടകമാണ്. അമിതമായി ആഡംബര ജീവിതത്തിൽ ഏർപ്പെട്ടാൽ ധനനഷ്ടവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകാം. സാധാരണയായി ഈ ദശയിൽ വ്യക്തിക്ക് ഗൃഹസ്ഥ സൗഖ്യം ലഭിക്കും. ഇതുവരെ വിവാഹം കഴിക്കാത്തവർക്ക് ഈ ദശയിൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. സന്താനങ്ങളുടെ വിവാഹം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട മംഗള കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം, വാസഗൃഹം, ആഭരണങ്ങൾ ഒക്കെയും ലഭിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് നിധി വരെ ലഭിക്കാം. ജീവിതപങ്കാളിയോട് കൂടി വളരെ സന്തോഷകരമായ ജീവിതം പ്രതീക്ഷിക്കാം. എന്നാൽ, ശുക്രദശയിലെ ചില പ്രത്യേക സമയങ്ങളിൽ ചില ദോഷഫലങ്ങളും ഉണ്ടാകാം. ചില പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ശുക്രദശയിലെ ആദിത്യാപഹാര കാലത്ത് ദോഷ അനുഭവങ്ങൾ ഉണ്ടായേക്കാം. ചിലരുടെ സന്താനങ്ങൾക്ക് മരണാന്തരകർമ്മം ചെയ്യാൻ യോഗം കാണുന്നു. ശിരോ രോഗം, ഉദരരോഗം, നേത്രരോഗം ഒക്കെയും വന്നേക്കാം.

മെയ് മാസത്തിൽ വരുന്ന വ്യാഴ മാറ്റം ചിലർക്ക് പണനഷ്ടത്തിനും വഞ്ചനയ്‌ക്കും കാരണമാകും. അടുത്ത വർഷം ഉണ്ടാകുന്ന ശനി മാറ്റം മീനക്കൂറുകാർക്ക് ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കും.

ബുധ, ശുക്ര, ചന്ദ്ര ദശകളിൽ ദോഷപരിഹാരം ചെയ്യുന്നതാണ് യുക്തി. നവഗ്രഹങ്ങളിൽ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അനുഷ്ടിക്കണം. കുംഭക്കൂറുകാർ ശാസ്താ ക്ഷേത്രത്തിൽ പോകണം. വ്യാഴവും പൂരുരുട്ടാതിയും ഒത്തുവരുന്ന ദിവസം വിഷ്‌ണുക്ഷേത്രദർശനം നടത്തുന്നത് ഉത്തമം. പൂരുരുട്ടാതി, പുണർതം, വിശാഖം നക്ഷത്രദിവസവ വിഷ്‌ണുക്ഷേത്രദർശനം നടത്തണം. സന്താനഗോപാലാർ‍ച്ചന, പുരുഷസൂക്ത പുഷ്പാഞ്ജലി എന്നീവ കഴിപ്പിക്കുക. ഗോശാലയുള്ള ക്ഷേത്രങ്ങളിൽ പോയി പശുക്കളെ പരിപാലിക്കുന്നത് ഇരട്ടി ഫലം നൽകും. വീട്ടിൽ ഒരു മാമ്പഴം വളർത്തുക. വളരാൻ സൗകര്യമില്ലെങ്കിൽ കഴിയുന്നതും മാവിന് വെള്ളം നനയ്‌ക്കുക. പറ്റുമെങ്കിൽ ഔഷധ സസ്യങ്ങൾ വീട്ടിൽ വളർത്തുക. ഒറ്റക്ക് അലഞ്ഞു തിരിയുന്നവർക്ക് നെയ്യ് കൊണ്ടുള്ള പലഹാരം വാങ്ങി ചെയുക. കാലുകൾക്ക് പ്രത്യേകതയുള്ള ദിവ്യാംഗരെ സേവിക്കുക ഒക്കെയാണ് ദുരിതദോഷങ്ങൾക്ക് സാമാന്യ പരിഹാരങ്ങൾ.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

Share
Leave a Comment