ഉതൃട്ടാതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

Published by
Janam Web Desk

മേട സംക്രമം ഉതൃട്ടാതി നക്ഷത്രക്കാർക്ക് ധാരാളം നല്ല ഫലങ്ങൾ കൊണ്ടുവരും. ഈ അനുകൂല സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക, ജീവിതകാലത്തേക്കുള്ള സമൃദ്ധിയും ഉയർച്ചയും ഉണ്ടാകാവുന്ന മികച്ച സമയം ആണ്. ഉതൃട്ടാതി നക്ഷത്രക്കാർക്ക് ഉന്നത ജനങ്ങളുടെ ആദരവും ബഹുമാനവും ലഭിക്കും. കർമ്മം, വ്യാപാരം, വ്യവസായം എന്നീ മേഖലകളിൽ ഉന്നതിയും പുരോഗതിയും കൈവരിക്കാനാകും. നഷ്ട പ്രതാപം തിരികെ വരാനുള്ള സമയമാണ്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവാർഡ്, സമ്മാനം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചേക്കാം. ഏഴരശനിയുടെ സ്വാധീനം ഉണ്ടായിരുന്നിട്ടും, ഉത്രട്ടാതി നക്ഷത്രക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ഗണിത ശാസ്ത്രത്തിൽ ഉത്രട്ടാതി നക്ഷത്രക്കാർക്ക് അസാമാന്യമായ മികവ് കാണിക്കാൻ സാധിക്കും. രാഷ്‌ട്രീയ നേതാക്കൾക്ക് അവരുടെ കഴിവും നേതൃത്വപാടവവും തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനും, കുടുംബത്തിൽ സന്തോഷവും സൗഖ്യവും ഉണ്ടാകാനും സാധ്യതയുണ്ട്. ബന്ധുജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായവും നേട്ടവും ലഭിക്കും. സമൂഹത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങും. മകന്റെ ഉപരിപഠനത്തിന് ലോൺ ലഭിക്കാൻ സാധ്യതയുണ്ട്. വളർത്തുമൃഗങ്ങളോടുള്ള താൽപ്പര്യം വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും അച്ചടക്കവും പുലർത്തും. പഴയ സുഹൃത്തുക്കളെ കണ്ടെത്താൻ സാധ്യതയുണ്ട്. ബിസിനസ്സ് വളർച്ചയ്‌ക്ക് കഠിനാധ്വാനം ചെയ്യും. മാതാപിതാക്കളെ പരിചരിക്കേണ്ട സാഹചര്യം ഉണ്ടാകാം. തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ ശ്രദ്ധയും വിവേകവും പുലർത്തേണ്ടതാണ്. അല്ലാത്തപക്ഷം കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി…….

 9 വർഷത്തെ ശനി ദശാ കാലം വ്യക്തിയുടെ ജീവിതത്തിൽ പല പ്രധാന മാറ്റങ്ങൾ കൊണ്ടുവരും. ശനി ഏറ്റവും ശക്തമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു, അതിന്റെ സ്വാധീനം മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതൽ തീവ്രവും ദീർഘകാലവുമാണ്. ശനി അച്ചടക്കം, കഠിനാധ്വാനം, കർമ്മം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ കുഞ്ഞുങ്ങൾ അച്ചടക്കവും ഉത്തരവാദിത്തവും ഉണ്ടാകാൻ തുടങ്ങും. ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ നേടുന്നതിന് ക്ഷമയോടെ കാത്തിരിക്കാനും കഴിയും. ആരോഗ്യം ശ്രദ്ധിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മാതാപിതാക്കൾക്ക് ഈ ദശയിൽ കഠിനാധ്വാനം കൊണ്ട് നേട്ടങ്ങൾ കൈവരിക്കാനും ചിലപ്പോൾ രോഗ, തൊഴിൽ പ്രശ്നങ്ങൾ നേരിടാനും സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളുടെ വിയോഗം ഉണ്ടാവാം . ജന്മനാട്ടിൽ നിന്ന് ദൂരദേശത്തേക്ക് പോകേണ്ടി വന്നേക്കാം

ഉദ്ദേശം 26 വയസു വരെയുള്ള ബുധ ദശയിൽ ബുധൻ ഒരു വ്യക്തിയുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് കലാരംഗത്ത്. അതിനാൽ എഴുതുവാൻ ഉള്ള സർഗ്ഗശേഷി, ശക്തമായ ആശയവിനിമയം, മാനേജ്മെൻ്റ് വൈദഗ്‌ദ്ധ്യം, വിശകലന കഴിവുകളും എന്നിവ മെച്ചപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിയും വളർച്ചയും ഉണ്ടാകും. ഈ കാലയളവ് പഠനത്തിലേക്ക് ആകർഷിക്കുന്നു. ബിസിനസിൽ താല്പര്യവും കച്ചവടത്തിൽ മിടുക്കും കാഴ്ചവെക്കാനാകും. കൂടാതെ, നിങ്ങളുടെ ശാസ്ത്രവും ശക്തമാകുന്നു. ബുധ ദശയിൽ തൊഴിലിൽ പെട്ടന്ന് പെട്ടന്ന് സ്ഥാനക്കയറ്റം നേടുന്നതിലും സമ്പാദ്യം വർദ്ധിപ്പിക്കുന്നതിലും അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കും. വളരെ വലിയ നെറ്റ്‌വർക്ക് ഉണ്ടാകാനും അതുവഴി സാമൂഹികമായി ഇടപെടാനും ധാരാളം അവസരങ്ങൾ വന്നു ചേരും. കന്നി ,ഇടവം , മകരം എന്നിവിടങ്ങളിൽ ബുധൻ നിൽകുമ്പോൾ ജനിച്ചവർക്ക് ബിസിനസ്സ് സാധ്യതകളെക്കുറിച്ച് നല്ല തീരുമാനങ്ങൾ എടുക്കാനും ആശയങ്ങൾ മറ്റുള്ളവരിൽ എത്തിക്കാനും കഴിയും. കാര്യങ്ങൾ വളരെ വിശദമായി പഠിച്ചു അവതരിപ്പിക്കുക വഴി വരാനിരിക്കുന്ന ഭാവിയെ പറ്റി വ്യക്തമായ ധാരണ ഉണ്ടാകുക വഴി ജീവിതത്തിൽ ഈ ദശയിൽ ഉയർന്ന നിലയിൽ എത്താൻ സാധിക്കും. നിങ്ങൾ എപ്പോഴും ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതില്ല എന്നാണ് ഇതിനർത്ഥം.

ഉദ്ദേശം 26 വയസു വരെയുള്ള ബുധദശാകാലം വ്യക്തിയുടെ ജീവിതത്തിൽ പല നല്ല മാറ്റങ്ങൾ കൊണ്ടുവരും. ബുധൻ ബുദ്ധി, വിദ്യാഭ്യാസം, ആശയവിനിമയം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കാലയളവിൽ വൈദഗ്‌ദ്ധ്യം വർദ്ധിക്കുകയും പ്രത്യേകിച്ച് കലാരംഗത്ത് വിജയം നേടാനും സാധിക്കും. ഈ ദശയിൽ പുതിയ കഴിവുകൾ പഠിക്കാനും നിലവിലുള്ള കഴിവുകൾ മെച്ചപ്പെടുത്താനും കഴിയും. കൂടുതൽ വ്യക്തവും കാര്യക്ഷമവുമായി ആശയവിനിമയം നടത്താൻ കഴിയും. വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഗുണം ചെയ്യും. വിശകലന കഴിവുകൾ മെച്ചപ്പെടുത്തുകയും സങ്കീർണ്ണമായ വിവരങ്ങൾ മനസ്സിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും. പഠനത്തിലും ജോലിയിലും ഇതു ഗുണം ചെയ്യും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിയും വളർച്ചയും അനുഭവപ്പെടും. പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും അവ നടപ്പാക്കാനും താൽപ്പര്യം ഉണ്ടാകും. ചിലർക്ക് ശാസ്ത്ര വിഷയങ്ങൾ പഠിക്കാനും ഗവേഷണം നടത്താനും താൽപ്പര്യം ഉണ്ടാകും.

ഉദ്ദേശം 33 വയസു വരെയുള്ള കേതു ദശ ആത്മീയതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലർക്ക് നിഗൂഢ ശാസ്ത്രം പഠിക്കാനുള്ള താൽപ്പര്യം ഉണ്ടാകാം. ആത്മീയ പഠനത്തിലൂടെയും ധ്യാനത്തിലൂടെയും അവർ സ്വയം കണ്ടെത്താനും ആത്മീയമായി വളരാനും ശ്രമിക്കും. ഏകാന്തത തോന്നുകയും അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു നിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യാം. പണനഷ്ടമോ സാമ്പത്തിക ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം. അതിനാൽ, ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിവാഹമോചനമോ പങ്കാളിക്ക് രോഗാവസ്ഥയോ ഉണ്ടാകാം. അപ്രതീക്ഷിതമായ വെല്ലുവിളികളും പെട്ടെന്നുള്ള മാറ്റങ്ങളും ഉണ്ടാകാം. അവ്യക്തതയും ആശയക്കുഴപ്പവും അനുഭവപ്പെടാം. ചർമ്മം, കണ്ണ്, നാഡീവ്യവസ്ഥ, ഉദരം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിസ്സാരമായ ആരോഗ്യപ്രശ്നങ്ങൾ പോലും ഈ ദശയിൽ രൂക്ഷമാകാം. ചിലരുടെ ജീവിതത്തിൽ അന്യസ്ത്രീ ബന്ധം കാരണം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. കേതു ദശയിൽ ശുക്ര അപഹാരം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ ഏറെ ശ്രദ്ധ നേടും. നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ആവേശഭരിതവും പ്രണയബന്ധിതവും സന്തോഷപ്രദവുമാകും. നിങ്ങൾ രൂപത്തിലും ശൈലിയിലും കൂടുതൽ ശ്രദ്ധാലുവായി മാറും. കേതു ദശയിൽ ചൊവ്വ അപഹാരം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ ധൈര്യം, ദൃഢനിശ്ചയം എന്നിവ മെച്ചപ്പെടും. ചിലപ്പോൾ സൈനീക ജോലികളിൽ പ്രവർത്തിക്കുന്നത് അപ്രതീക്ഷിത സംഭവവികാസങ്ങൾ, ഏറ്റുമുട്ടലുകൾ, അപകടങ്ങൾ എന്നിവയ്‌ക്ക് കാരണമാകും.

53 വയസ്സുവരെയുള്ള ശുക്ര ദശാകാലത്ത്, കേതു ദശയിൽ അനുഭവിച്ച എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സാധ്യതയുണ്ട്. കലാകാരന്മാർക്ക് ഈ ദശയിൽ പേരും പ്രശസ്തിയും ഉണ്ടാകും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുകയും സാമ്പത്തിക വിജയിക്കുകയും ചെയ്യും. തൊഴിലിൽപുതിയ അവസരങ്ങൾ ലഭിക്കുകയും ഉയർച്ച നേടാനും കഴിയും. നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും തിരികെ വരും. ബന്ധങ്ങൾ മെച്ചപ്പെടും. പ്രണയബന്ധങ്ങൾ കൂടുതൽ ശക്തവും സന്തോഷകരവുമാകും. സന്താനങ്ങളുടെ വിവാഹം നല്ല നിലയിൽ നടത്താൻ സാധിക്കും. ലൗകിക ജീവിതത്തിനു വേണ്ടുന്ന എല്ലാ സുഖ സൗകര്യങ്ങളും ഈ ദശയിൽ ലഭിക്കും. അന്യസ്ത്രീ ബന്ധം വഴി നാശം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നിയന്ത്രണം പാലിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. കിഡ്നി രോഗങ്ങൾ, പ്രമേഹം, അസ്ഥി ഉരുക്കം, കാൽമുട്ടുകൾക്ക് പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം. അതിനാൽ, ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിലെ ചില വഴിത്തിരിവുകൾ ഈ സമയത്തു സംഭവിക്കാൻ ഇടയാകും. മുൻകൂട്ടി ദശാനാഥനെ പ്രീതിപ്പെടുത്തിയാൽ സന്തോഷവും സമാധാനപൂർണവും ആയ വാർദ്ധക്യം അനുഭവിക്കാം. ശുക്രൻ പ്രതികൂല സ്ഥാനത്താണെങ്കിൽ, ഈ ദശയിലെ എല്ലാ അനുകൂല ഫലങ്ങളും തെറ്റായ വഴിയിലേക്ക് തിരിയാം. പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതവും വലിയ തകർച്ച അനുഭവിച്ചേക്കാം. പ്രണയത്തിന്റെ കാര്യത്തിൽ ഒന്നിലധികം മോശം അനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇത് നിരാശയിലേക്ക് നയിച്ചേക്കാം. എല്ലാ സമ്പത്തും നഷ്ടപ്പെടാനും ദരിദ്രനാകാനും ചിലർക്ക് യോഗം ഉണ്ട്. ചില മോശം ശീലങ്ങൾ, താല്പര്യങ്ങൾ ജീവിതത്തിലേക്ക് കടന്നുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശനി അല്ലെങ്കിൽ കേതു അപഹാരം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരിക്കും. മനഃസമാധാനം ഇല്ലാതാക്കി പലതരത്തിലുള്ള തടസ്സങ്ങളും സൃഷ്ട്ടിച്ചു ജോലി വരെ നഷ്ടപെടുന്ന അവസ്ഥ ഉണ്ടാവും. അനാവശ്യ യാത്രകൾ വഴി അപകടങ്ങൾ ഉണ്ടാവാനും സാധ്യത. ശത്രുക്കൾ പലതരത്തിൽ ഉപദ്രവിക്കാനുള്ള സാധ്യത ഉണ്ട്.

തുടർന്ന് ഉദ്ദേശം 60 വയസു വരെയുള്ള സൂര്യ ദശാകാലത്തു സർക്കാർ ഉദ്യോഗസ്ഥർക്ക് അധികാര പ്രാപ്തി ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കുകയോ പുതിയ ചുമതലകൾ ഏൽപ്പിക്കപ്പെടുകയോ ചെയ്യാം. ശിരോരോഗം, ഉദര രോഗം, നേത്ര രോഗം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ കാലയളവിൽ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിരോധവും കലഹവും ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സർക്കാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അപ്രതീക്ഷിതമായി പ്രതികൂല അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും അടുത്ത ബന്ധുജനങ്ങൾക്ക് രോഗാവസ്ഥ ഉണ്ടാകും. പിതാവ്, മകൻ, സഹോദരൻ അല്ലെങ്കിൽ സുഹൃത്ത് എന്നിവരിൽ ആർക്കെങ്കിലും ഗുരുതരമായ രോഗം ബാധിക്കാൻ സാധ്യതയുണ്ട്. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ ദശയിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ പദവികൾ ലഭിക്കുകയോ രാഷ്‌ട്രീയ സ്വാധീനം വർദ്ധിക്കുകയോ ചെയ്യാം. സൂര്യൻ ആത്മാഭിമാനം, അഹംഭാവം, ആധിപത്യം, ശ്രേഷ്ഠത, ധാർഷ്ട്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ജാതകൻ മുൻകൈയെടുത്തു മംഗള കർമ്മങ്ങൾ നടത്തിയേക്കും. എവിടെയും മാന്യത, ആദരവ് ഒക്കെയും ലഭിക്കും. കുടുംബത്തിൽ മനോദുഃഖം ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ ഉടലെടുക്കും. തൊഴിലിൽ വളരെ ഉയർന്ന സ്ഥാനം നൽകുകയും ബിസിനസ്സിന്റെ വരുമാനം വർദ്ധിക്കുകയും ചെയ്യുന്നു. ശുക്ര ദശയിൽ നിങ്ങൾ എന്തെങ്കിലും മോശം പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ, പ്രതികൂല സൂര്യ ദശയിൽ അതിൽ തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ട്. ശുക്ര ദശയിൽ സമ്പാദിച്ചിരുന്ന എല്ലാ സമ്പത്തും പണവും നിങ്ങൾക്ക് നഷ്ടപ്പെടും. സൂര്യൻ നീച രാശിയിൽ നിൽക്കുകയാണെങ്കിൽ എല്ലാ പ്രശസ്തിയും പേരും ഇല്ലാതാകും. കൂടാതെ, നിങ്ങൾക്ക് ജീവിതത്തിൽ പല പ്രതികൂല അനുഭവങ്ങളും നേരിടേണ്ടി വന്നേക്കാം.

ഉടനെ വരുന്ന വ്യാഴ മാറ്റം പിതാവിന് ദോഷാനുഭവങ്ങൾ നൽകിയേക്കും. സഹോദര സ്ഥാനത്തുള്ളവർക്കും ദുരിതം വിതക്കും. 2025 മാർച്ച് മാസത്തിൽ വരുന്ന ശനി മാറ്റം ജന്മശ്ശനി ആരംഭം ആണ്. വളരെ പ്രതികൂല സ്ഥിതി ആയിരിക്കും. ഈ നല്ല സമയത്തു ജാതക ഗണനം നടത്തി വേണ്ടുന്ന പരിഹാര ക്രിയകൾ നടത്തുന്ന പക്ഷം വലിയ ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം.

സൂര്യ, ചൊവ്വ, കേതു ദശകളിൽ ദോഷപരിഹാരം അനിവാര്യം ആണ്. ഈ ദശകളിൽ ഉതൃട്ടാതി നക്ഷത്രക്കാർക്ക് വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ ഈ ദശകളിൽ ദോഷപരിഹാരം ചെയ്യുന്നത് ദോഷഫലങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ശാസ്താവ് ഉതൃട്ടാതി നക്ഷത്രത്തിന്റെ അധിപതിയാണ്. അതിനാൽ ശാസ്താപ്രീതി ഉതൃട്ടാതി നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്. ശാസ്താ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, ശാസ്താവിന് വഴിപാടുകൾ നടത്തുക, ശാസ്താ സ്തുതികൾ ചൊല്ലുക എന്നിവ ദോഷപരിഹാരത്തിന് ഉത്തമമാണ്. ശനിയാഴ്ചകളിൽ ശനീശ്വരനെ വണങ്ങുന്നത്, എള്ളെണ്ണ ദീപം തെളിക്കുക ഉതൃട്ടാതി നക്ഷത്രക്കാർക്ക് ഗുണകരമാണ്. ഉതൃട്ടാതി നക്ഷത്രം വ്യാഴത്തിന്റെ നക്ഷത്രമാണ്. അതിനാൽ വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉതൃട്ടാതി നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്. ശനിയാഴ്ചകളിൽ വ്രതമെടുക്കുകയും അന്നദാനം നടത്തുകയും ചെയ്യുന്നത് ഉതൃട്ടാതി നക്ഷത്രക്കാർക്ക് ദോഷഫലങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ഉതൃട്ടാതി, പൂയം, അനിഴം നക്ഷത്ര ദിവസങ്ങളിൽ ശാസ്താ ക്ഷേത്രങ്ങളും വിഷ്ണു ക്ഷേത്രങ്ങളും ദർശനം നടത്തുന്നത് ഉതൃട്ടാതി നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്. അർഹരായവർക്ക് ദാനധർമ്മം ചെയ്യുന്നത് ഉതൃട്ടാതി നക്ഷത്രക്കാരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ക്ഷേത്ര പൂജാരികളിൽ നിന്നും ബ്രാഹ്മണരിൽ നിന്നും, പ്രത്യേകിച്ച് പ്രായമായ ബ്രാഹ്മണരിൽ നിന്നും അനുഗ്രഹം വാങ്ങുന്നത് ഉതൃട്ടാതി നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്. പാവപ്പെട്ട ബ്രാഹ്മണർക്ക് വിവിധ ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര, അരി, പാൽ എന്നിവ ദാനം ചെയ്യുന്നത് ഉതൃട്ടാതി നക്ഷത്രക്കാർക്ക് വളരെ ഗുണകരമാണ്. ഈ ദാനത്തിൽ, പാൽ ചേർത്തുണ്ടാക്കുന്ന പലഹാരങ്ങൾ ഒരേസമയം എട്ട് ബ്രാഹ്മണർക്ക് ദാനം ചെയ്യണം. സാധാരണ ദാനത്തിലും ശക്തി കൂടിയ ഒരു പ്രത്യേക ദാനമാണ്. ഉത്രട്ടാതി നക്ഷത്രക്കാർ ഈ കർമ്മം ചെയ്താൽ ജന്മാന്തര പാപങ്ങൾ വരെ മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. വൃദ്ധസദനങ്ങളിൽ കഴിയുന്ന വയോജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര, അരി, പാൽ, വസ്ത്രങ്ങൾ, മറ്റ് ആവശ്യ വസ്തുക്കൾ എന്നിവ ദാനം ചെയ്യുന്നതും ഉതൃട്ടാതി നക്ഷത്രക്കാർക്ക് ദോഷഫലങ്ങൾ അകറ്റാൻ സഹായിക്കും.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

Share
Leave a Comment