മാളികപ്പുറത്തിലെ യഥാർത്ഥ കല്ലുവിന്റെ ചിത്രം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമ റിലീസ് ആയതിന് ശേഷമാണ് വൈഗ എന്ന കുട്ടിയെക്കുറിച്ച് അറിയുന്നതെന്നും താൻ എഴുതിയ കഥയിലെ യഥാർത്ഥ കല്ലു എന്നുമാണ് താരം കുറിച്ചത്. കുട്ടിയുടെ അരങ്ങേറ്റത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അഭിലാഷ് പിള്ള കുറിപ്പ് പങ്കുവച്ചത്.
‘മാളികപ്പുറം റിലീസ് ആയി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ വൈഗയെ പറ്റി അറിയുന്നത്, ഞാൻ എഴുതിയ കഥയിലെ യഥാർത്ഥ കല്ലു… ഇന്നലെ വൈഗയുടെ അരങ്ങേറ്റത്തിനു ദക്ഷിണ തരാൻ എന്നെ വിളിച്ചപ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ കിട്ടുന്ന ഏറ്റവും വലിയ സ്നേഹമായി തോന്നി.’- അഭിലാഷ് പിള്ള കുറിച്ചു.
മാളികപ്പുറം എന്ന വമ്പൻ ഹിറ്റിന്റെ തിരക്കഥ എഴുത്തുകാരൻ എന്ന നിലയിലാണ് അഭിലാഷ് പിള്ള ശ്രദ്ധയാകര്‍ഷിച്ചത്. അഭിലാഷ് പിള്ളയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. വിഷ്ണു വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അർജുൻ അശോകനും സൈജു കുറുപ്പുമാണ് പ്രധാന വേഷത്തിലെത്തുന്നത്.