ദുബായ്: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ യു.എ.ഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ,.ഫുജൈറ ഉൾപ്പടെയുള്ള മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. റൺവേകളിൽ വെള്ളക്കെട്ടുണ്ടായതോടെ വ്യോമ ഗതാഗതം താറുമാറായി.ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന ഒൻപത് വിമാനങ്ങളും ദുബായിലേക്ക് വരാനിരുന്ന എട്ട് വിമാന സർവീസുകളും റദ്ദാക്കി. ദുബായിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ വിമാത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടും.
അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡുകളിൽ വെളളം നിറഞ്ഞ സാഹചര്യത്തിൽ ദുബായ് മെട്രോ നാളെ രാവിലെ മൂന്ന് മണിവരെ സർവീസ് നടത്തും. മഴയ്ക്ക് പുറമേ കൊടുങ്കാറ്റും ഭീഷണിയാകുന്നുണ്ട്. നാളെ (ബുധനാഴ്ച) വരെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം