കോട്ടയം: കോണ്‍ഗ്രസും എല്‍ഡിഎഫും ജനങ്ങളെ കബളിപ്പിച്ച് വിഡ്ഢികളാക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പിന്തിരിപ്പൻ ചിന്താഗതികളിലൂടെയാണ് കോൺഗ്രസും എൽഡിഎഫും പ്രവർത്തിക്കുന്നത്. കാലഹരണപ്പെട്ട ചിന്താഗതിയാണ് കമ്യൂണിസ്റ്റുകാർ വച്ചുപുലർത്തുന്നത്. 19-ാം നൂറ്റാണ്ടിലെ ചിന്തയാണ് കോൺഗ്രസിനെന്നും അദ്ദേഹം പരിഹസിച്ചു.
കേരളം ഭരിക്കുന്നത് അഴിമതി നിറഞ്ഞ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഭരണകാലം അഴിമതിയുടെ കുത്തൊഴുക്ക് ആയിരുന്നുവെന്നും ബിജെപി സർക്കാരിൽ പത്ത് വര്‍ഷമായിട്ടും അഴിമതിയുണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി പരാജയ ഭീതികൊണ്ടാണ് കേരളത്തിലേക്ക് വന്നത്. രാഹുലിന് അമേഠിയിൽ മത്സരിക്കാന്‍ ഭീതിയാണ്. ഒരു സംസ്ഥാനത്തും രാഹുല്‍ ഗാന്ധി വിജയിക്കില്ല.
അനിൽ കെ. ആന്റണിയുടെ ഭാവി ബിജെപിയുടെ കൈയിൽ സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു. എ.കെ ആന്റണി നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തോട് ബഹുമാനവും ഉണ്ട്. പക്ഷേ, സ്വന്തം മകൻ തോൽക്കണം എന്ന് അദ്ദേഹം പറഞ്ഞതിലൂടെ ആ ബഹുമാനത്തിന് അൽപം കുറവുണ്ടായെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.