അമൃത്സർ: ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. ചൈനീസ് നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക്ക് എന്ന ഡ്രോൺ ആണ് പിടിച്ചെടുത്തത്. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോൺ പിടികൂടിയത്.
ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ജില്ലയിലെ കലാഷ് ഹവേലി ഗ്രാമത്തോട് ചേർന്നുള്ള വയലിൽ നിന്നാണ് ഡ്രോൺ വിജയകരമായി കണ്ടെത്തിയതെന്ന് ബിഎസ്എഫ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.