തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ജുമാ നിസ്ക്കാരം പുനഃക്രമീകരിക്കുകയും, സമയം വെട്ടിക്കുറയ്ക്കുകയും ചെയ്യാൻ കേരളത്തിലെ മുസ്ലീം ജമാഅത്ത് കമ്മിറ്റികൾ . വെള്ളിയാഴ്ച വരുന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് മുസ്ലീം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പുതിയ തീരുമാനം.
പല വിശ്വാസികളും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചേക്കുമെന്ന ആശങ്കയിലാണ് ഈ തീരുമാനമെന്നാണ് ജമാ അത്ത് കമ്മിറ്റികൾ പറയുന്നത്.
സാധാരണയായി 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളുന്നതാണ് ജുമാ നിസ്കാരം . ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള ജുമുഅ ചുരുക്കി ഉച്ചയ്ക്ക് 1 മുതൽ 1.20 വരെ നടത്തുമെന്ന് തിരുവനന്തപുരത്തെ പ്രമുഖ പാളയം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.
“സാധാരണയായി 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ജുമാ നമസ്കാരം വോട്ടെടുപ്പ് ദിവസം 25 മിനിറ്റ് കുറയ്ക്കും. കൂടിയാലോചനകൾക്ക് ശേഷം ഞങ്ങൾ തീരുമാനം എടുക്കുകയും പെരുന്നാൾ നിസ്കാര സമയത്ത് പ്രഖ്യാപിക്കുകയും ചെയ്തു. പ്രാർത്ഥന ഉപേക്ഷിക്കാതെ വിശ്വാസികളെ വോട്ട് ചെയ്യാൻ സഹായിക്കുന്നതിന് സമീപത്തെ നിരവധി ജമാഅത്ത് കമ്മിറ്റികളും ജുമുഅ പുനഃക്രമീകരിക്കാൻ തീരുമാനിക്കുന്നു, ”പാളയം കമ്മിറ്റി പ്രസിഡൻ്റ് ഹാജി ഷെയ്ഖ് സബീബ് പറഞ്ഞു.
പ്രഭാഷണ ദൈർഘ്യം കുറയ്ക്കുമെന്നും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് 15 മിനിറ്റിനുള്ളിൽ നിസ്കരിക്കുമെന്നുമാണ് കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറി ഹാജി എ സൈഫുദ്ദീൻ പറഞ്ഞത്.
“രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ, വോട്ടവകാശം വിനിയോഗിക്കുന്നത് വളരെ പ്രധാനമാണ്. ജുമാ നമസ്കാരവും നിർബന്ധമാണ്. അതിനാൽ ജമാഅത്ത് കമ്മിറ്റികൾ പ്രാർത്ഥനാ ഷെഡ്യൂൾ ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്തു, അതുവഴി ആളുകൾക്ക് രണ്ട് കടമകളും നിറവേറ്റാൻ കഴിയും, ”സൈഫുദ്ദീൻ പറഞ്ഞു.
പാണക്കാട് ഖാസി ഫൗണ്ടേഷൻ, മുസ്ലീം വോട്ടർമാരെ സഹായിക്കുന്നതിന് പ്രായോഗിക നടപടികൾ സ്വീകരിക്കാൻ മസ്ജിദ് മാനേജിംഗ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. പ്രാർത്ഥനാ സമയം പരിഷ്കരിക്കണമെന്നും കമ്മിറ്റികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.