ന്യൂഡൽഹി: ഇസ്രായേൽ- ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു. ഈ മാസം 30 വരെയാണ് സർവീസുകൾ നിർത്തിവച്ചത്. ഇന്ത്യയിൽ നിന്ന് ടെൽഅവീവിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് നിർത്തിവച്ചിരിക്കുന്നത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് താത്കാലികമായി സർവീസ് നിർത്തിവച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹി- ടെൽഅവീവ് വിമാന സർവീസ് നിർത്തിവച്ചതായി എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ടെൽഅവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഇസ്രായേലും ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് മറുപടിയായി ഇറാനെതിരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.