ഭുവനേശ്വർ: മഹാനദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മരണം. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. അപകടത്തിൽ ഏഴ് പേരെ കാണാതായെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 50ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മറിഞ്ഞത്.
പഥർസെനി കുടയിൽ നിന്ന് ബർഗഡ് ജില്ലയിലെ ബൻജിപള്ളിയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. സംഭവത്തിൽ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 35 പേരെ രക്ഷിച്ചു. പൊലീസും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കൂടി രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അഞ്ച് മുങ്ങൽ വിദഗ്ധർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചനം അറിയിച്ചു. അടിയന്തര ധനസഹായമായി 4 ലക്ഷം രൂപയും പ്രഖ്യാപിച്ചു.